പ്രൊഫഷണൽ കോഴ്സ്: ന്യൂനപക്ഷമെന്ന് തെളിയിക്കാൻ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്

തിരുവനന്തപുരം: എൻജിനിയറിംഗ്, മെഡിക്കൽ പ്രവേശനത്തിന് അപേക്ഷിക്കുമ്പോൾ ന്യൂനപക്ഷ വിഭാഗമാണെന്ന് തെളിയിക്കാൻ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റും രേഖയായി പരിഗണിക്കും. ഇതിൽ മതം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ വില്ലേജ് ഓഫീസറുടെയോ തഹസിൽദാരുടെയോ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ല. മതം രേഖപ്പെടുത്തിയിട്ടില്ലെങ്കിൽ വില്ലേജ് ഓഫീസർ നൽകുന്ന കമ്യൂണിറ്റി/ നോൺ ക്രിമിലെയർ/ മൈനോറിറ്റി സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം. വില്ലേജ് ഓഫീസർ നൽകുന്ന സർട്ടിഫിക്കറ്റ് കൂടാതെ റേഷൻ കാർഡ്, സ്‌കൂൾ സർട്ടിഫിക്കറ്റ്, പാസ്‌പോർട്ട്, ആധാർ, ജനന സർട്ടിഫിക്കറ്റ് എന്നീ രേഖകളും ബന്ധുത്വം കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ പരിഗണിക്കും.
‘വൺ ആൻഡ് ദ സെയിം’ സർട്ടിഫിക്കറ്റിനു പകരം അപേക്ഷകൻ ഹാജരാക്കുന്ന സർട്ടിഫിക്കറ്റിൽ അപേക്ഷകന്റെയോ മാതാപിതാക്കളുടെയോ പേരുകളിൽ വ്യത്യാസമുണ്ടെങ്കിൽ ഗസറ്റഡ് പദവിയിലുള്ള ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയ അപേക്ഷകന്റെ സത്യപ്രസ്താവന ഹാജരാക്കണം. ഭാര്യയുടെയും ഭർത്താവിന്റെയും എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിൽ ജാതി രേഖപ്പെടുത്തിയിരിക്കുകയും സബ് രജിസ്ട്രാറോ തദ്ദേശ സ്ഥാപനമോ നൽകിയിട്ടുള്ള വിവാഹ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കുകയും ചെയ്താൽ , അത് മിശ്രവിവാഹ സർട്ടിഫിക്കറ്റിന് പകരമുള്ള രേഖയായി കണക്കാക്കും.