ക്ഷമതാ പരിശോധന ഉടൻ: വെള്ളക്കരം ഇനി മൊബൈൽ ആപ്പിൽ

തിരുവനന്തപുരം: സ്‌മാർട്ട് ഫോണിലൂടെ സ്വയം റീഡിംഗ് രേഖപ്പെടുത്തിയാൽ കുടിവെള്ള നിരക്ക് അറിയാൻ കഴിയുന്ന ആപ്പിന്റെ ക്ഷമതാ പരിശോധന ഈയാഴ്ച പാളയം സെക്ഷനിൽ നടക്കും. മീറ്റർ റീഡർമാർക്കൊപ്പം ആപ്പ് ഉപയോഗിച്ചും റീഡിംഗ് രേഖപ്പെടുത്തി വ്യത്യാസമില്ലെന്ന് പരിശോധനയിലൂടെ ഉറപ്പുവരുത്തും. അപാകതകളുണ്ടെങ്കിൽ രണ്ട് മാസത്തിനുള്ളിൽ പരിഹരിച്ച് ആപ്പ് പൂർണതോതിൽ പ്രവർത്തനക്ഷമമാക്കാനാണ് വാട്ടർ അതോറിട്ടിയുടെ തീരുമാനം.
കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ വികസിപ്പിച്ച ആപ്പിന് ഔദ്യോഗിക പേരായിട്ടില്ല. ആപ്പിൽ ഉപഭോക്താവിന്റെ കൺസ്യൂമർ നമ്പർ നൽകുമ്പോൾ ഏറ്റവും ഒടുവിലെ റീഡിംഗ് കാണാനാകും. തുടർന്ന്, ഉപഭോക്താവ് പുതിയ റീഡിംഗ് രേഖപ്പെടുത്തുമ്പോൾ ഉപയോഗിച്ച വെള്ളത്തിന്റെ അളവും അടയ്‌ക്കേണ്ട തുകയും സ്ക്രീനിൽ തെളിയും. തെളിവായി പുതിയ റീഡിംഗോട് കൂടിയ മീറ്ററിന്റെ ചിത്രവും ആപ്പിൽ അപ്‌ലോഡ‌് ചെയ്യണം.
വാട്ടർ അതോറിട്ടിക്കും ബില്ലിന്റെ പകർപ്പ് ലഭിക്കും. ബില്ലിനൊപ്പം ഉപഭോക്താവിന് ലഭിക്കുന്ന ക്യൂ ആർ കോഡ് സ്‌കാൻ ചെയ്യുമ്പോൾ വാട്ടർ അതോറിട്ടിയുടെ ഇ -പേയ്മെന്റ് സംവിധാനമായ “ക്വിക്ക് പേ” (https://www.epay.kwa.kerala.gov.in) യുടെ പേജിലെത്തി ബിൽ അടയ്‌ക്കാം. ആപ്പിൽ തന്നെ ബിൽ അടയ്‌ക്കാനുള്ള സംവിധാനം അടുത്തഘട്ടത്തിൽ ഏർപ്പെടുത്തും.
ജല ഉപഭോഗത്തിന്റെ അളവും ബില്ലും കൃത്യമായി ഉപഭോക്താക്കൾക്ക് ലഭിക്കുന്നതിനായി സ്‌മാർട്ട് മീറ്ററുകൾ സ്ഥാപിക്കാൻ നേരത്തെ തീരുമാനിച്ചെങ്കിലും നിലവിൽ വ്യവസായ സ്ഥാപനങ്ങൾ പോലുള്ളവയിൽ മാത്രമാണ് ഇവ സ്ഥാപിച്ചിട്ടുള്ളത്.
കണക്കുകൾ ഇങ്ങനെ
ആകെ ഉപഭോക്താക്കൾ: 26 ലക്ഷം
മീറ്റർ റീഡർമാർ: 400
മീറ്റർ ഇൻസ്‌പെക്ടർമാർ: 50