വിവരങ്ങള്‍ മറച്ചുവെച്ചാലേ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നത് നിലനില്‍ക്കൂ – ഹൈക്കോടതി
കൊച്ചി: ശാരീരികബന്ധത്തിനുശേഷം മറ്റൊരാളെ വിവാഹം കഴിച്ചതിന്റെപേരില്‍ മാത്രം വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസ് നിലനില്‍ക്കുകയില്ലെന്ന് ഹൈക്കോടതി. ശരിയായ വിവരങ്ങള്‍ മറച്ചുവെച്ചാണ് ശാരീരിക ബന്ധത്തിനുള്ള അനുമതിനേടിയത് എന്നത് വ്യക്തമായാല്‍ മാത്രമേ വിവാഹവാഗ്ദാനം നല്‍കിയാണ് പീഡിപ്പിച്ചതെന്ന കേസ് നിലനില്‍ക്കുകയുള്ളൂവെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
ബന്ധുവായ യുവതിയുമായി 10 വര്‍ഷത്തോളം പ്രതി പ്രണയത്തിലായിരുന്നു. ഇരുവരും ക്ഷേത്രത്തില്‍വെച്ച് വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. തുടര്‍ന്ന് മൂന്നുതവണ ശാരീരികബന്ധത്തില്‍ ഏര്‍പ്പെട്ടു. 2014 ഏപ്രില്‍ മൂന്നുമുതല്‍ അഞ്ചുവരെയുള്ള ദിവസങ്ങളിലായിരുന്നു ഇത്. ഇതിനുപിന്നാലെ ഏപ്രില്‍ എട്ടിന് പ്രതി മറ്റൊരു യുവതിയെ വിവാഹം കഴിച്ചു. ഇതോടെയാണ് വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നുകാട്ടി യുവതി പരാതിനല്‍കുന്നതും പ്രതി അറസ്റ്റിലാകുന്നതും. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ജീവപര്യന്തം ശിക്ഷവിധിക്കുന്നത്. ഇതിനെതിരേയായിരുന്നു അപ്പീല്‍.
സ്ത്രീധനം ഇല്ലാതെ പരാതിക്കാരിയെ വിവാഹം കഴിക്കുന്നതിനെ വീട്ടുകാര്‍ എതിര്‍ത്തിരുന്നെന്ന് പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവില്‍നിന്നുതന്നെ വ്യക്തമാണ്. വിവാഹം കഴിക്കുക എന്ന ലക്ഷ്യത്തോടെ തന്നെയായിരുന്നു ശാരീരികബന്ധത്തില്‍ ഏര്‍പ്പെട്ടതെന്ന് ഇതില്‍നിന്ന് വ്യക്തമാണ്. പക്ഷേ, വീട്ടുകാരുടെ എതിര്‍പ്പുകാരണം ആ വാഗ്ദാനം പാലിക്കാന്‍ കഴിഞ്ഞില്ല. മറ്റൊരു തെളിവുകളും ഇല്ലാത്തതിനാല്‍ ഇതിനെ വാഗ്ദാനലംഘനം എന്നനിലയില്‍ മാത്രമേ കാണാനാകൂ. അതിനാല്‍ സംശയത്തിന്റെ ആനുകൂല്യം നല്‍കി പ്രതിയെ വെറുതെവിടുകയാണെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്.