ഓടന്തോട്-ആറളം ഫാം പാലം നിർമാണം പൂർത്തിയാക്കി ഗതാഗതത്തിന് തുറന്നു കൊടുക്കണമെന്നാവശ്യം

Share our post

പേരാവൂർ : നിർമാണം ഇഴയുന്ന ഓടന്തോട് -ആറളം ഫാം പാലം നിർമാണം പൂർത്തിയാക്കി ഉടൻ ഗതാഗതത്തിന് തുറന്നു കൊടുക്കണമെന്ന് വിജയജ്യോതി സ്വാശ്രയ സംഘം ആവശ്യപ്പെട്ടു.

2019 ഫെബ്രുവരിയിലാരംഭിച്ച പ്രവർത്തി മൂന്ന് വർഷമായിട്ടും പൂർത്തിയാക്കിയിട്ടില്ല.സർക്കാറിൽ നിന്നും ആവശ്യമായ ഫണ്ടുകൾ ലഭിക്കാത്തതാണ് നിർമാണം ഇഴയാൻ കാരണമെന്ന് സ്വാശ്രയ സംഘം ഭാരവാഹികൾ പറയുന്നു.

18 മാസം കൊണ്ട് പണികൾ തീർത്ത് ഗതാഗതത്തിന് പാലം തുറന്നുകൊടുക്കാമെന്ന് മന്ത്രിയും കരാറുകാരനും നിർമാണ വേളയിൽ പ്രഖ്യാപിച്ചെങ്കിലും നടപ്പിലായില്ല.നിലവിൽ പാലത്തിന്റെ 90% പണികളും തീർന്നിട്ടുണ്ട്.

പാലം പണി തുടങ്ങിയതോടെ മറ്റ് യാത്രാ സൗകര്യമൊരുക്കാതെ വാഹന ഗതാഗതമടക്കമുള്ള യാത്ര നിരോധിച്ചിരിക്കയാണ്. ആറളം ഫാമിന്റെ പുനരധിവാസ മേഖലയിൽ താമസിക്കുന്ന ആയിരക്കണക്കിന് ആദിവാസി കുടുംബങ്ങൾക്കും, ആറളം ഫാമിൽ താമസിക്കുന്ന തൊഴിലാളികൾക്കും, ജീവനക്കാർക്കും, ഫാം സ്കൂളിലേയും പ്രധാന ആരോഗ്യ കേന്ദ്രങ്ങളിലെയും അധ്യാപകരും ജീവനക്കാരുമുൾപ്പെടെ വലിയൊരു ജനവിഭാഗം യാത്ര ചെയ്തു കൊണ്ടിരുന്ന ഒരു വഴിയാണ് വർഷങ്ങളായി അടഞ്ഞുകിടക്കുന്നത്.

വയനാട് , കൊട്ടിയൂർ, കേളകം, കണിച്ചാർ, പേരാവൂർ എന്നിവിടങ്ങളിലെ ജനങ്ങൾക്ക് വളരെ എളുപ്പത്തിൽ ആറളം, അയ്യങ്കുന്ന് പഞ്ചായത്തുകളിലേക്ക് സഞ്ചരിക്കാൻ കഴിയുന്ന പാലമാണ് പണി തീർക്കാതെ മുടങ്ങിക്കിടക്കുന്നത്.

സർക്കാറിന്റെയും ഉത്തരവാദിത്വപ്പെട്ട വകുപ്പുകളുടെയും സത്വര ശ്രദ്ധ പാലം നിർമാണത്തിൽ ഉണ്ടാകണമെന്ന് സംഘം ഭാരവാഹികൾ ആവശ്യപ്പെട്ടു.ഈ മഴക്കാലത്തിനു മുൻപായി പാലം തുറന്നു കൊടുത്ത് യാത്രാ സൗകര്യമൊരുക്കണമെന്നും അല്ലാത്തപക്ഷം പൊതുജനങ്ങളെ പങ്കെടുപ്പിച്ച് പ്രത്യക്ഷ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും സംഘം പ്രസിഡന്റ് ബേബി പാറയ്ക്കൽ അറിയിച്ചു. 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!