എഴുതാത്തവരുടെ എം.ബി.ബി.എസ് പരീക്ഷ ജൂനിയർ ബാച്ചിനൊപ്പം
കൊച്ചി : അവസാനവർഷ എം.ബി.ബി.എസ് പരീക്ഷ എഴുതാനാകാതെപോയ വിദ്യാർഥികൾക്ക് ജൂനിയർ ബാച്ചിനൊപ്പം സെപ്റ്റംബർ 19നോ പരീക്ഷാ ബോർഡ് തീരുമാനിക്കുന്ന തീയതി പ്രകാരമോ പരീക്ഷയെഴുതാൻ അവസരം നൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചു. വിദ്യാർഥികൾ ആവശ്യപ്പെട്ടിരിക്കുന്ന പരിശീലനത്തിനായി ജൂനിയർ ബാച്ചിൽ ചേരാനോ പ്രത്യേക ബാച്ച് രൂപീകരിക്കാനോ കോളജുകൾക്ക് നിർദേശം നൽകണമെന്നും ആരോഗ്യ സർവകലാശാലയ്ക്ക് നിർദേശം നൽകി.
സെപ്റ്റംബർ 19 നുള്ള പരീക്ഷ നേരത്തെയാക്കണമെന്ന വിദ്യാർഥികളുടെ ആവശ്യവും അവരുടെ പരാതികളും പരിഗണിക്കാൻ പരീക്ഷാ ബോർഡ് യോഗം വിളിക്കണം. കോളജുകളുടെ അഭിപ്രായവും പരീക്ഷാ ബോർഡ് തേടണം. ഒരുമാസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്നും ജസ്റ്റിസ് രാജ വിജയരാഘവൻ നിർദേശിച്ചു.
പരീക്ഷയെഴുതാൻ തയാറായ വിദ്യാർഥികളെ ഭീഷണിപ്പെടുത്തുകയും വ്യാജ വിവരങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തെന്ന പരാതിയെത്തുടർന്ന് ഇത്തരത്തിലുള്ള ശ്രമങ്ങൾ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് കോടതി പറഞ്ഞു. പരീക്ഷകൾ ഷെഡ്യൂൾ ചെയ്തതുപോലെ തുടരണമെന്നും പരീക്ഷയെഴുതാൻ തയാറായ വിദ്യാർഥികൾ ഭയമില്ലാതെ പരീക്ഷയെഴുതുന്നുവെന്ന് സർവകലാശാലയും മെഡിക്കൽ കോളജുകളും ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു.
പാഠ്യപദ്ധതി പ്രകാരമുള്ള പരിശീലനം പൂർത്തിയാക്കാത്ത സാഹചര്യത്തിൽ പരീക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് അവസാന വർഷ എം.ബി.ബി.എസ് വിദ്യാർഥികൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. പരീക്ഷ മാറ്റിവയ്ക്കണമെന്ന ആവശ്യം തള്ളിയെങ്കിലും പ്രിൻസിപ്പൽമാരുടെ അഭിപ്രായം ആരാഞ്ഞശേഷം സർവകലാശാല, വിദ്യാർഥികളുടെ പരാതികൾ അനുഭാവപൂർവം പരിഗണിക്കണമെന്ന് കോടതി നിർദേശിച്ചു. ഒരു മാസത്തിനുള്ളിൽ കൂടുന്ന പരീക്ഷാ ബോർഡിന് മുന്നിൽ വിഷയം അവതരിപ്പിക്കുമെന്നും പരീക്ഷയെഴുതാതിരുന്ന വിദ്യാർഥികൾക്കായി പരീക്ഷ നടത്തുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്നും സർവകലാശാലാ അഭിഭാഷകൻ അറിയിച്ചത് കോടതി രേഖപ്പെടുത്തി.