വെറ്ററിനറി മരുന്നുകൾക്കും വില കുതിച്ചു

തിരുവനന്തപുരം: കർഷകർക്ക് ഇരുട്ടടിയായി മൃഗങ്ങൾക്കുള്ള മരുന്ന് വിലയും വർധിച്ചു. എട്ടുമുതൽ 10 ശതമാനംവരെ വിലയാണ് വിവിധ മരുന്നുകൾക്ക് വർധിച്ചത്. കടകളിൽ പഴയ ശേഖരമുള്ളതിനാൽ കൂടിയവില ഇപ്പോൾ നൽകേണ്ടിവരില്ല.
അലർജിക്കുള്ള മരുന്ന് 100 മില്ലിക്ക് 60 മുതൽ 65 രൂപയായി കൂടും. അണുബാധ, അകിടുവീക്കം, പനി എന്നിവയ്ക്ക് നൽകുന്ന ടെട്രാസൈക്ലിൻ എന്ന മരുന്നിന് 10 ശതമാനംവരെ വില കൂടിയേക്കും.
കന്നുകാലികളിലും മറ്റ് മൃഗങ്ങളിലും പഴുപ്പ്, അകിടുവീക്കം, അണുബാധ എന്നിവയുണ്ടായാൽ നൽകുന്ന എൻറോഫ്‌ളോക്സാസിൻ എന്ന ആന്റിബയോട്ടിക് മരുന്നിന് 100 മില്ലിക്ക് 350 രൂപയാണ് ഇപ്പോഴത്തെ വില. ഇതും 10ശതമാനം വർധിക്കും.