പേരിടലിനെച്ചൊല്ലിയുള്ള ചെറിയ തർക്കം; വൈറലാക്കി വഷളാക്കി; കുഞ്ഞിന്റെ അച്ഛൻ പറയുന്നു

Share our post

പുനലൂർ : കുഞ്ഞിന്റെ പേരിടൽ ചടങ്ങിനിടയിൽ അമ്മ ഉദ്ദേശിച്ച പേര് അച്ഛനിടാതിരുന്നതിനെച്ചൊല്ലിയുള്ള പോര് വൈറലായിരുന്നു. ആചാരപ്രകാരം കുഞ്ഞിന്റെ പേരിടൽ ചടങ്ങ് നടത്തുന്നതിനിടയിലാണ് അസാധാരണ സംഭവങ്ങൾ അരങ്ങേറിയത്. അച്ഛൻ വിളിച്ച അലംകൃത എന്ന പേര് അമ്മയ്ക്ക് ഇഷ്ടമായില്ല. ഇതേ തുടർന്ന് കുഞ്ഞിന്റെ ചെവിയിൽ അമ്മ ഉച്ചത്തിൽ നൈനിക എന്ന് വിളിക്കുകയും അപകടകരമായ രീതിയിൽ കുഞ്ഞിനെ വലിച്ചെടുക്കുകയും ചെയ്തു എന്നായിരുന്നു ആരോപണം. തുടർന്ന് വീട്ടുകാർ തമ്മിലുള്ള പോരും ആരോ വിഡിയോ പകർത്തി സമൂഹമാധ്യമത്തിൽ പങ്കുവെച്ചതോടെ സംഭവം വൈറലായി. കൊല്ലം പുനലൂരിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ഇതിനെക്കുറിച്ച് കുഞ്ഞിന്റെ പിതാവ് പ്രദീപ്  സംസാരിക്കുന്നു.  

വൈറൽ വിഡിയോയിൽ പ്രചരിക്കുന്നത് പോലെ കുഞ്ഞിന് അലംകൃത എന്ന പേരിട്ടത് എന്റെ സഹോദരിയല്ല. ഞാൻ തന്നെയാണ്. ആശുപത്രിയിൽവെച്ച് എന്നോട് ചോദിക്കാതെ ഭാര്യയും സഹോദരനും കൂടി ജനനസർട്ടിഫിക്കറ്റ് റജിസ്റ്റർ ചെയ്യാനുള്ള പേപ്പറിൽ നൈനിക എന്ന് എഴുതികൊടുത്തിരുന്നു. എന്നോട് ഒരു വാക്ക് ചോദിക്കാതെ ചെയ്തത് കൊണ്ട് പേരിടുന്ന സമയത്ത് ഞാനും ഭാര്യയുടെ അഭിപ്രായം ചോദിച്ചില്ല. പേരിടൽ ചടങ്ങിന്റെ അന്ന് സംഭവിച്ച കാര്യങ്ങൾ ആരോ വിഡിയോ പകർത്തി വൈറലാക്കിയതോടെ ചെറിയൊരു കുടുംബപ്രശ്നം വഷളാകുകയാണ് ചെയ്തത്. 

ഞാനും ഭാര്യയും തമ്മിൽ എല്ലാ കുടുംബങ്ങളിലും ഉള്ളതുപോലെയുള്ള ചെറിയ അഭിപ്രായ വ്യത്യാസങ്ങളും വഴക്കുകളും മാത്രമേയുള്ളൂ. അതല്ലാതെ വലിയ പ്രശ്നങ്ങളില്ല. എന്നാൽ വിഡിയോ വൈറലാക്കിയത് എന്റെ വീട്ടുകാരാണെന്ന് ആരോപിച്ച് ഭാര്യയുടെ വീട്ടുകാർ ഇല്ലാത്ത ആരോപണങ്ങളാണ് പറഞ്ഞു നടക്കുന്നത്. ഞാൻ ഭാര്യയെ സ്ത്രീധനത്തിനായി പീഡിപ്പിച്ചിട്ടില്ല. അത് വസ്തുതാവിരുദ്ധമായ ആരോപണമാണ്. വിവാഹസമയത്ത് സ്ത്രീധനം ചോദിച്ചിട്ടുമില്ല. 

എന്റെ കുടുംബത്തിലെ പ്രശ്നം ഈ രീതിയിൽ വൈറലാക്കാൻ ഞാൻ കൂട്ടുനിൽക്കുമെന്ന് തോന്നുന്നുണ്ടോ? എനിക്ക് എന്റെ കുഞ്ഞിന്റെ ഭാവിയെക്കുറിച്ച് ചിന്തിക്കേണ്ടേ? 40 ദിവസം മാത്രം പ്രായമായ കുഞ്ഞിന്റെ മുഖം പുറത്തുകാണിച്ച് ഇത്തരത്തിൽ വൈറലാക്കിയതിനെതിരെ ബാലാവകാശ കമ്മിഷന് പരാതി നൽകിയിട്ടുണ്ട്. കുഞ്ഞിനെ അപകടകരമായ രീതിയിൽ കൈകാര്യം ചെയ്തത് തെറ്റാണ്. 

കുടുംബത്തിനുള്ളിൽ ഒതുങ്ങേണ്ട ഒരു പ്രശ്നം ഈ രീതിയിൽ വൈറലായതിൽ വിഷമമുണ്ട്. ഇത് ആരാണ് ചെയ്തതെന്ന് അറിയാൻ സൈബർസെല്ലിൽ പരാതികൊടുക്കാൻ പോകുകയാണ്. ഈ വിഡിയോ കാരണം എന്റെ കുടുംബമാണ് മോശമായത്. ഭാര്യവീട്ടുകാർ ആരോപിക്കുന്നത് പോലെ എന്റെ അമ്മയോ സഹോദരിയോ കുഞ്ഞിന്റെ പേര് തീരുമാനിക്കുന്നതിൽ ഇടപെട്ടിട്ടില്ല– പ്രദീപ് പറയുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!