വൈറല്‍ മോഹത്തില്‍ വഴുതരുത് ജീവിതം; സാഹസിക ഫോട്ടോ ഷൂട്ടുകള്‍ ഏറുന്നു, ദുരന്തങ്ങളും

കോട്ടയം: ഉഴുതിട്ട വയലില്‍ വരനും വധുവും നീന്തുക, കുളത്തിന്റെ കരയില്‍ കുശലം പറഞ്ഞ് നീങ്ങുന്നതിനിടെ പൊടുന്നനെ വെള്ളത്തിലേക്ക് ചാടുക. ന്യൂജന്‍ വിവാഹ ഫോട്ടോ ഷൂട്ടുകള്‍ സാഹസികവഴി സ്വീകരിച്ചുതുടങ്ങിയത് സമീപകാലത്താണ്. ഡിജിറ്റല്‍ മീഡിയയില്‍ വൈറലാകാന്‍ നടത്തുന്ന ശ്രമം പലപ്പോഴും ജീവന്റെയും മരണത്തിന്റെയും അതിരുകളിലൂടെയാണ് പോകുക. സേവ് ദ ഡേറ്റ് തരംഗമായതോടെയാണ് ഫോട്ടോഷൂട്ടുകളും അതിര് വിട്ടുതുടങ്ങിയത്.
വ്യത്യസ്തതയ്ക്കുവേണ്ടി നടത്തുന്ന പരിശ്രമങ്ങളാണ് സാഹസികതയിലേക്ക് വഴുതുന്നത്. വെള്ളച്ചാട്ടത്തിലും പുഴയിലും കുളത്തിലും കാട്ടിലുമൊക്കെ നടത്തുന്ന ഷൂട്ടുകളാണ് ഇപ്പോള്‍ യുവജനതയ്ക്ക് ഹരം. അതിരുവിടാന്‍ ഇവരും പ്രേരിപ്പിക്കുന്നതോടെ ഫോട്ടോഗ്രാഫര്‍മാരും അത് അനുസരിക്കാന്‍ ബാധ്യസ്ഥരാകുന്നു. ഇതിനിടെ ചില ദൃശ്യങ്ങള്‍ സഭ്യതയുടെ അതിരുവിടുന്നതും കണ്ടിരുന്നു. ഇത് സാമൂഹികമാധ്യങ്ങളില്‍ വലിയ വിമര്‍ശനത്തിനും ഇടയാക്കി. മുതിര്‍ന്നവര്‍ക്ക് മാത്രം കാണാന്‍ അനുമതിയുള്ള സിനിമയുടെ തലത്തിലേക്ക് ഇവ പോകരുതെന്നും അഭിപ്രായമുണ്ടായി.
സിനിമാ ചര്‍ച്ചപോലെ ദിവസങ്ങള്‍ ഫോട്ടോഗ്രാഫറെ വിളിച്ചിരുത്തി തിരക്കഥയും രംഗവും തീരുമാനിച്ച് പോകുന്നവരുണ്ട്. ലൈക്കും ഷെയറും കൂട്ടാന്‍ വേണ്ടി ഐഡിയ തേടുന്നവരുമുണ്ട്. സമീപകാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു സേവ് ദ ഡേറ്റ് വീഡിയോ യക്ഷിക്കഥ മാതൃകയിലാണ് ചിത്രീകരിച്ചത്. വിവാഹശേഷം റിസോര്‍ട്ട് തന്നെ ബുക്ക് ചെയ്ത് ചിത്രീകരണം ഉണ്ടാകും. മറ്റുള്ളവരുടെ കൈയടിയല്ല സ്വന്തം ജീവനും ജീവിതവുമാണ് വധൂവരന്മാര്‍ ശ്രദ്ധിക്കേണ്ടതെന്ന് രാഷ്ട്രപതിയുടെ നാരീശക്തി പുരസ്‌കാരജേത്രി ഡോ. എം.എസ്. സുനില്‍ പറയുന്നു. സേവ് ദ ഡേറ്റിന്റെ പേരില്‍ അപകടം വരുത്തിവെച്ചാല്‍ ഉത്തരവാദികള്‍ക്കെതിരേ നടപടി ഉണ്ടാകണം.