ബാധയൊഴിപ്പിക്കൽ: ട്രാൻസ്‌വുമണിന്റെ കൈയിൽ കർപ്പൂരം കത്തിച്ച് പൊള്ളിച്ചു

Share our post

കൊച്ചി: ഇടപ്പള്ളിയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയെ മറ്റൊരു ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി പൊള്ളലേല്‍പ്പിച്ചതായി പരാതി. മഹാരാജാസ് കോളേജിലെ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥി അഹല്യ കൃഷ്ണയാണ് ഒപ്പം താമസിച്ചിരുന്ന അര്‍പ്പിതയ്‌ക്കെതിരേ പരാതിയുമായി പോലീസിനെ സമീപിച്ചിരിക്കുന്നത്. കഴിഞ്ഞ ഡിസംബറില്‍ അര്‍പ്പിത ബലമായി കൈയില്‍ കര്‍പ്പൂരം കത്തിച്ച് പൊള്ളലേല്‍പ്പിച്ചെന്നാണ് അഹല്യയുടെ പരാതി.

ബാധകയറിയെന്ന് പറഞ്ഞായികുന്നു അതിക്രമം. അത് തെളിയിക്കാന്‍ വേണ്ടി കൈയില്‍ കര്‍പ്പൂരം കത്തിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ തീ കെടുത്താന്‍ ശ്രമിച്ചെങ്കിലും എതിര്‍ത്തു. മുഴുവന്‍ കത്തിതീരണമെന്നാണ് പറഞ്ഞത്. ആശുപത്രിയില്‍ പോകാനിറങ്ങിയപ്പോളും ചിലര്‍ എതിര്‍ത്തു. ആശുപത്രിയില്‍ പോയാല്‍ കേസാകുമെന്നും മരുന്ന് വാങ്ങി തേച്ചാല്‍ മതിയെന്നും പറഞ്ഞു. രണ്ടുദിവസത്തേക്ക് വലിയ കുഴപ്പമില്ലായിരുന്നു. പിന്നീട് കൈയിലെ പരിക്ക് ഗുരുതരമായി. കളമശ്ശേരിയിലെ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. കേസാകുമെന്നതിനാല്‍ സ്വന്തമായി ചെയ്തതെന്നാണ് ആശുപത്രിയില്‍ പറഞ്ഞതെന്നും അഹല്യ കൃഷ്ണ പറഞ്ഞു.

സംഭവത്തില്‍ ഏപ്രില്‍ രണ്ടാം തീയതിയാണ് അഹല്യ തൃക്കാക്കര പോലീസില്‍ പരാതി നല്‍കിയത്. ഭയന്നിട്ടാണ് ഇത്രയുംനാള്‍ പരാതി നല്‍കാന്‍ വൈകിയതെന്നാണ് ഇവരുടെ വിശദീകരണം.

ഭയന്നിട്ടാണ് പരാതി നല്‍കാന്‍ വൈകിയത്. അവരുടെ കൂടെയായിരുന്നു എന്റെ താമസം. ഞാന്‍ പരാതി നല്‍കിയാല്‍ കൂട്ടത്തിലുള്ളവര്‍ ഒറ്റപ്പെടുത്തുമെന്ന ഭയവും ഉണ്ടായിരുന്നു. അവരുടെ അടുത്തുനിന്ന് താമസം മാറി. തുടര്‍ന്ന് ട്രാന്‍സ് കമ്മ്യൂണിറ്റിയിലുള്ളവരോട് വിവരം പറഞ്ഞു. അവരെല്ലാം ഒപ്പം നില്‍ക്കാമെന്ന് പറഞ്ഞു. അങ്ങനെയാണ് പരാതി നല്‍കിയത്. ഇപ്പോഴും ഭയമുണ്ടെന്നും അഹല്യ പ്രതികരിച്ചു.

Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!