മോഷ്ടിച്ച സൈക്കിളുകളിൽ എത്തി നെടുംപുറംചാലിൽ നിന്ന് സ്കൂട്ടർ കടത്താൻ ശ്രമം; ചില സംഘങ്ങളിൽ പെൺകുട്ടികളും

Share our post

നെടുംപുറംചാൽ : മലയോരത്തിന് ആശങ്കയായി വീണ്ടും കുട്ടി മോഷ്ടാക്കളുടെ സംഘം. നെടുംപുറംചാലിൽ നിന്ന് സ്കൂട്ടറും രണ്ട് സൈക്കിളും മോഷ്ടിച്ചു കടത്താനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു. സംഘം ഓടി രക്ഷപെട്ടു. നെടുംപുറംചാലിലെ ഒരു വീട്ടിൽ നിന്ന് സ്കൂട്ടർ കടത്താൻ ശ്രമിക്കുന്നത് ശ്രദ്ധയിൽ പെട്ട ലോറി ഡ്രൈവർ, അയൽവാസിയും കോൺഗ്രസ് ഭാരവാഹിയുമായ സതീഷ് മണ്ണാറുകുളത്തെ വിവരം ഫോണിൽ വിളിച്ച് അറിയിക്കുക ആയിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ച സംഘം പിന്തുടർന്ന് എത്തിയ സതീഷിനെ കണ്ട് സ്കൂട്ടർ ഉപേക്ഷിച്ച് കടന്നുകളഞ്ഞു.

നാട്ടുകാരും പൊലീസും തിരച്ചിൽ നടത്തി എങ്കിലും കുട്ടി മോഷ്ടാക്കളെ കണ്ടെത്തിയില്ല. മറ്റിടങ്ങളിൽ നിന്ന് മോഷ്ടിച്ച സൈക്കിളുകളിൽ എത്തിയാണ് സ്കൂട്ടർ കടത്തികൊണ്ടു പോകാൻ ശ്രമിച്ചത്. സൈക്കിളുകളും തിരികെ ലഭിച്ചു. പ്രായപൂർത്തി ആകാത്ത കുട്ടികൾ അടങ്ങുന്ന മോഷണ സംഘങ്ങൾ മലയോരത്തിന്റെ ഉറക്കം കെടുത്താൻ തുടങ്ങിയിട്ട് എട്ട് വർഷത്തോളം ആയി. കഴിഞ്ഞ വർഷവും നിരവധി മോഷണം ഇവർ നടത്തിയിരുന്നു. സംഘത്തിൽ ചെറിയ കുട്ടികൾ മുതൽ 20വയസ്സു വരെ പ്രായമുള്ളവർ ഉണ്ട്.

കേളകം, കണിച്ചാർ, മണത്തണ, തൊണ്ടിയിൽ, കോളയാട്, പേരാവൂർ ടൗണുകളിൽ എല്ലാം ഈ സംഘങ്ങൾ മോഷണം നടത്തിയിട്ടുണ്ട്. ആദ്യ കാലത്ത് സൈക്കിളുകൾ മോഷ്ടിച്ച് രാത്രി കടന്നുകളയുന്ന സംഘത്തിന് ‘ബൈസിക്കിൾ തീവ്സ്’ എന്ന ഓമനപ്പേരും കിട്ടിയിരുന്നു. ചെറിയ കുട്ടികളെ കടകളുടെയും വീടുകളുടെയും അകത്തേക്ക് കടത്തി വിട്ട ശേഷം വാതിലും ജനാലകളും തുറക്കാൻ ശ്രമിക്കും. ബാക്കി ഉള്ളവർ കൂടി കടന്നാൽ പണവും മധുര പലഹാരങ്ങളും മറ്റും എടുത്ത് പുറത്തു കടക്കും. ഒടുവിൽ ഷട്ടർ തകർത്ത് അകത്തു കയറുന്ന രീതിയിൽ കാര്യങ്ങൾ എത്തി. പിന്നീട് സൈക്കിളിന് പകരം ബൈക്കും സ്കൂട്ടറും മോഷ്ടിക്കാൻ തുടങ്ങി.

സൈക്കിൾ ആയാലും ബൈക്ക് ആയാലും ഉപയോഗം കഴിഞ്ഞ് റോഡരികിൽ ഉപേക്ഷിക്കുകയാണ് പതിവ്. നിരവധി തവണ പൊലീസ് ഇവരെ പിടി കൂടിയിട്ടുണ്ട്. പ്രായപൂർത്തി ആകാത്ത കുട്ടികൾ ആയതിനാൽ തുടർ നടപടികൾ ഉണ്ടാകാറില്ല. പരാതികൾ ഇല്ലാത്തതിനാൽ പൊലീസിനും കാര്യമായി ഇടപെടാൻ കഴിയുന്നില്ല. ഏതാനും കുട്ടികളെ സംരക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു. എന്നാൽ അവിടെ നിന്നു കടന്നുകളഞ്ഞ കുട്ടികളെ അന്വേഷിച്ച് പല തവണ പൊലീസും വലഞ്ഞിട്ടുണ്ട്. ചില സംഘങ്ങളിൽ പെൺകുട്ടികളും ഉണ്ട്. 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!