ചെറുനാരങ്ങ വില കുതിക്കുന്നു: കിലോഗ്രാമിന് 200 രൂപ

ഉപഭോഗംകൂടിയതും ലഭ്യതകുറഞ്ഞതുമാണ് പലയിടങ്ങളിലും വിലക്കയറ്റത്തിന് ഇടയാക്കിയത്. വേനലിൽ ഉപഭോഗം കൂടിയതും ലഭ്യത കുറഞ്ഞതുംമൂലം സംസ്ഥാനത്ത് ചെറുനാരങ്ങയുടെ വില കുതിക്കുന്നു. കിലോഗ്രാമിന് 200 രൂപയിലേക്കാണ് വില ഉയർന്നത്. 50-60 രൂപ നിലവാരത്തിൽനിന്നാണ് ഈകുതിപ്പ്.
വേനലിൽ പൊതുവെ ചെറുനാരങ്ങയുടെ വിലവർധിക്കാറുണ്ടെങ്കിലും സമീപവർഷങ്ങളിലൊന്നും ഇത്രയും വില ഉയർന്നിട്ടില്ല. കഴിഞ്ഞവർഷം ഏപ്രിലിൽ ഉണ്ടായിരുന്നതിന്റെ ഇരട്ടിവിലയാണ് ഇപ്പോഴുള്ളത്.
വിലകൂടിയതോടെ ലെമൺ ജ്യൂസ് വില്പന പലയിടത്തും നിർത്തിവെച്ചു. വൈറ്റമിൻ സി ധാരാളമുള്ളതിനാൽ ജനപ്രിയ പാനീയമായാണ് നാരങ്ങവെള്ളത്തെ പൊതുവെ കാണുന്നത്. താപനിലകൂടുമ്പോൾ ശരീരത്തിൽ ജലാംശം നിലനിർത്താനും ചെറുനാരങ്ങ സഹായിക്കും.
ഗുജറാത്ത് ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിലും ചെറുനാരങ്ങളുടെ വില 200 രൂപ നിലവാരത്തിലേയ്ക്ക് ഉയർന്നു. ഉപഭോഗംകൂടിയതും ലഭ്യതകുറഞ്ഞതുമാണ് പലയിടങ്ങളിലും വിലക്കയറ്റത്തിന് ഇടയാക്കിയത്.