കശുമാങ്ങയെ കൊതിയൂറും ഉത്പന്നങ്ങളാക്കാം

Share our post

കേരളത്തിൽ കശുമാങ്ങ വലിയതോതിൽ പാഴാകുന്നുണ്ട്. അതേസമയം പോഷകങ്ങളാലും നിരോക്സീകാരികളാലും സമ്പുഷ്ടമായ കശുമാങ്ങയുടെ മൂല്യവർധന ഏറെ സാധ്യതയുള്ള മേഖലയാണ്. പഴച്ചാറിൽ കഞ്ഞിവെള്ളം ഒഴിച്ചോ ചവ്വരി കുറുക്കിച്ചേർത്തോ കശുമാങ്ങയുടെ കറ മാറ്റാം. ഇതിനുശേഷം അതിൽനിന്നു രുചികരമായ ഉത്പന്നങ്ങളുണ്ടാക്കാം. പല സ്ഥാപനങ്ങളും ഇതിനുള്ള സാങ്കേതികവിദ്യകൾ വികസിപ്പിച്ചിട്ടുണ്ട്.

തൃശ്ശൂരിലെ മാടക്കത്തറയിലുള്ള ‘കശുമാവ് ഗവേഷണകേന്ദ്രം’ കശുമാങ്ങയിൽനിന്നും ജാം, ചോക്ലേറ്റ്, മിഠായി, സിറപ്പ്, ടൂട്ടി ഫ്രൂട്ടി, സ്ക്വാഷ്, ഹൽവ, ജെല്ലി, സോസ്, നേർപ്പിക്കാതെ നേരിട്ട് കുടിക്കാവുന്ന ആർ.ടി.എസ്. പാനീയങ്ങൾ, കശുമാങ്ങാ സോഡ, വൈൻ, അച്ചാർ, ചട്ടിണി, വിനഗർ, ഉണക്ക കശുമാങ്ങ അഥവാ ‘കാഷ്യൂ ആപ്പിൾ ഫിഗ്’, പുളിശ്ശേരി, പച്ച കശുവണ്ടി മസാലക്കറി, ബിസ്കറ്റ് തുടങ്ങി ഇരുപതിലേറെ വാണിജ്യമൂല്യമുള്ള ഉത്പന്നങ്ങൾ വികസിപ്പിച്ചിട്ടുണ്ട്. ഉത്പന്നനിർമാണവുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യകളുടെ കൈമാറ്റം, കൺസൾട്ടേഷൻ, പരിശീലനം എന്നീ സേവനങ്ങൾ നിശ്ചിതഫീസ് ഈടാക്കി സ്ഥാപനം ലഭ്യമാക്കുന്നു (0487- 2370339, 2438363).

കശുമാങ്ങ ഉത്പന്നങ്ങളിൽ പുതിയതാണ് ‘കാഷ്യൂ ആപ്പിൾ ക്രഞ്ച്’. ഗോവയിലെ ഐ.സി.എ.ആർ. സെൻട്രൽ കോസ്റ്റൽ അഗ്രിക്കൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച ഈ ഉത്‌പന്നത്തിന്റെ സാങ്കേതികവിദ്യ agrinnovateindia.com വഴി ലഭിക്കും. കശുമാങ്ങയെ ഉണക്കി വ്യത്യസ്ത ഗാഢതയിലുള്ള പഞ്ചസാര സിറപ്പിലിട്ടുണ്ടാക്കുന്ന ഇത് സാവധാനം ചവച്ചുതിന്നാവുന്ന ഉത്പന്നമാണ്.

ഡ്രൈഫ്രൂട്ടിനുപകരം ഉപയോഗിക്കാവുന്ന ‘കശുമാങ്ങാ കാൻഡി’ വാണിജ്യാടിസ്ഥാനത്തിൽ ഉണ്ടാക്കുന്നതിനുള്ള സാങ്കേതികവിദ്യ മൈസൂരുവിലെ കേന്ദ്ര ഭക്ഷ്യസാങ്കേതിക ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് ലഭ്യമാക്കുന്നു. 500 കിലോഗ്രാം കശുമാങ്ങയിൽനിന്ന്‌ 375 കിലോ കാൻഡി ദിവസവും ഉണ്ടാക്കാവുന്ന യൂണിറ്റിന് 33 ലക്ഷംരൂപ ചെലവുവരും. ഇത് പ്രോജക്ടായി ഏറ്റെടുത്ത് ചെയ്യാനുള്ള എല്ലാ സാങ്കേതിക പിന്തുണയും നിശ്ചിതഫീസ് ഈടാക്കി ഇൻസ്റ്റിറ്റ്യൂട്ട് നൽകുന്നുണ്ട്. (0821-2514534, ttbd@cftri.res.in).

വിറ്റാമിൻ സി, ബീറ്റാ കരോട്ടീൻ, കാത്സ്യം, ഫോസ്ഫറസ്, നിരോക്സീകാരികൾ എന്നിവയാൽ സമ്പുഷ്ടമായ കശുമാങ്ങ ഉത്പന്നങ്ങൾക്ക് ‘ന്യൂട്രാസ്യൂട്ടിക്കൽ’ എന്നനിലയിൽ മാർക്കറ്റിൽ പ്രിയമേറി വരികയാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!