പാചകവാതകവില കുത്തനെ കൂട്ടി; വാണിജ്യസിലിണ്ടറിന് കൂട്ടിയത് 256 രൂപ

Share our post

കൊച്ചി : തുടര്‍ച്ചയായി പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കുന്നതിനിടെ ജനജീവിതം ദുസ്സഹമാക്കി കേന്ദ്രസര്‍ക്കാര്‍ പാചകവാതക വിലയും കുത്തനെ കൂട്ടി.  വാണിജ്യാവശ്യത്തിനള്ള പാചക വാതക വിലയില്‍ 256 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ കൊച്ചിയില്‍ എല്‍.പി.ജി സിലിണ്ടര്‍ വില 2256 രൂപയിലെത്തി. കഴിഞ്ഞ അഞ്ചുമാസത്തിനിടെ വാണിജ്യ എൽ.പി.ജി സിലിണ്ടറിന് 530 രൂപയാണ് കൂട്ടിയത്.

കിലോയ്ക്ക് 75 രൂപയുണ്ടായിരുന്ന സി.എന്‍.ജി.ക്ക് ഇന്നുമുതല്‍ 80 രൂപയാണ് നല്‍കേണ്ടത്. അതേസമയം കേന്ദ്ര സർക്കാർ അടിക്കടി ഇന്ധനവില കൂട്ടിയതോടെ ഡീസലും പെട്രോളും നൂറും കടന്ന്‌ കുതിക്കുന്നു. അഞ്ച്‌ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ്‌ ഫലം പ്രഖ്യാപിച്ചതിനു പിന്നാലെ കേന്ദ്ര സർക്കാർ ഇന്ധനവില കൂട്ടൽ ദിനചര്യയാക്കി. സംസ്ഥാനത്ത്‌ തുടർച്ചയായി ഏഴുദിവസമാണ്‌ ഇന്ധനവില വർധിപ്പിച്ചത്‌.

മാർച്ചിൽ മാത്രം കൂട്ടിയത്‌ ഒമ്പതുതവണ. 10 ദിവസത്തിനുള്ളിൽ പെട്രോളിന്‌ 7.01 രൂപയും ഡീസലിന്‌ 6.76 രൂപയും കൂട്ടി. നാലരമാസത്തിനുശേഷം ഡീസൽ വില വീണ്ടും 100 കടന്നു. വ്യാഴാഴ്‌ച തിരുവനന്തപുരത്ത്‌ 100.15 രൂപയായിരുന്നു ഡീസലിന്‌ വില. പെട്രോളിന്‌ 113.28 രൂപയും. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കൂടിയെന്നാണ്‌ ന്യായം. എന്നാൽ, 22ന്‌ വീണ്ടും വില കൂട്ടാൻ ആരംഭിച്ചപ്പോൾ ഒരു വീപ്പ എണ്ണയ്‌ക്ക്‌ 115.48 ഡോളറായിരുന്നു.

ചൊവ്വാഴ്‌ച 110.23 ഡോളറിലേക്ക്‌ താഴ്‌ന്നിട്ടും വില കൂട്ടി. ഒരാഴ്‌ചയ്‌ക്കുള്ളിൽ എണ്ണയ്‌ക്ക്‌ 5.25 ഡോളർ കുറഞ്ഞിട്ടും പെട്രോളിന്‌ 6.14, ഡീസലിന്‌ 5.92 രൂപയും കൂട്ടി. വ്യാഴാഴ്‌ചത്തെ എണ്ണവിലകൂടി കണക്കിലെടുക്കുമ്പോൾ ആകെ കുറഞ്ഞത്‌ 7.13 ഡോളർ. എന്നിട്ടും പെട്രോളിന്‌ 7.01 രൂപയും ഡീസലിന്‌ 6.76 രൂപയുമാണ്‌ വർധിപ്പിച്ചത്‌. 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!