‘കല്ലുമ്മക്കായ ചാകര’, ആളുകൾ കൂട്ടത്തോടെ പുഴയോരത്ത്

പയ്യന്നൂർ : രാമന്തളി ഏറൻ പുഴയിൽ കല്ലുമ്മക്കായ ചാകര. കവ്വായി കായലിൽ കല്ലുമ്മക്കായ കൃഷി വ്യാപകമായതോടെയാണ് കായലിന്റെ ഭാഗമായുള്ള ഏറൻ പുഴയിൽ വലിയതോതിൽ കല്ലുമ്മക്കായ കണ്ടത്. മുൻകാലങ്ങളിൽ പുഴയിൽ കക്ക ധാരാളമായി ഉണ്ടായിരുന്നെങ്കിലും കല്ലുമ്മക്കായ ഇത്തരത്തിൽ കാണപ്പെടുന്നത് ഇത് ആദ്യമാണ്. കക്ക ശേഖരിച്ച് ഉപജീവനം നടത്തുന്ന ഒട്ടേറെ പേരുള്ള പ്രദേശമാണിത്.
അതിനാൽ തന്നെ കല്ലുമ്മക്കായ ചാകര ഇവർക്ക് പ്രതീക്ഷ നൽകുന്നുണ്ട്. പുഴയിലും കൈത്തോടുകളിലും കല്ലുമ്മക്കായ ഉണ്ട്. കല്ലുമ്മക്കായ ചെറുതാണെങ്കിലും ഇത് ശേഖരിക്കാൻ ആളുകൾ കൂട്ടത്തോടെ പുഴയോരത്ത് എത്തുന്നുണ്ട്. ഇതിന് കൂടുതൽ രുചി ഉണ്ടെന്നാണ് നാട്ടുകാരുടെ പക്ഷം. കവ്വായി കായലിൽ കല്ലുമ്മക്കായ കൃഷി നടത്തുന്നുണ്ടെങ്കിലും അത് കിലോമീറ്ററുകൾക്കപ്പുറം മാടക്കാൽ, പടന്ന ഭാഗങ്ങളിലാണ്.