ആധാർ-പാൻ ബന്ധിപ്പിക്കാന്‍ ഇനി 1000 രൂപ പിഴ

Share our post

മുംബൈ: പാനും ആധാറും ബന്ധിപ്പിക്കാന്‍ ഫീസോടുകൂടി സമയം നീട്ടിനല്‍കി. ഏപ്രില്‍ ഒന്നുമുതല്‍ ജൂണ്‍ 31വരെയുള്ള കാലയളവില്‍ 500 രൂപയാണ് നല്‍കേണ്ടത്. ജൂലായ് ഒന്നുമുതലാകട്ടെ 1,000 രൂപയും. 2023 മാര്‍ച്ച് 31നുള്ളില്‍ ബന്ധിപ്പിക്കുകയുംവേണം. നികുതിദായകര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനാണ് ആധാര്‍ – പാന്‍ ബന്ധിപ്പിക്കലിന് ഫീസോടുകൂടി ഒരു വര്‍ഷം അനുവദിച്ചിരിക്കുന്നത്.

2023 മാര്‍ച്ച് 31-നകം ആധാറും പാനും ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍ പ്രവര്‍ത്തന രഹിതമാകും. പിന്നീട് നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനോ ബാങ്ക് അക്കൗണ്ട് തുറക്കാനോ മ്യൂച്ചല്‍ ഫണ്ടിലടക്കം നിക്ഷേപം നടത്താനോ കഴിയില്ലെന്നും സി.ബി.ഡി.ടി. അറിയിച്ചു. സക്രിയമായ പാന്‍ നമ്പര്‍ ഇല്ലാത്ത നികുതി ദായകര്‍ക്ക് 10,000 രൂപ വരെ പിഴ ചുമത്താം. 2023 ഏപ്രില്‍ ഒന്നു മുതലായിരിക്കും പിഴ പ്രാബല്യത്തിലാകുക. ആദായ നികുതി പോര്‍ട്ടല്‍ വഴിയോ എസ്.എം.എസ്. വഴിയോ എന്‍.എസ്.ഡി.എല്‍./ യു.ടി.ഐ. ഐ.എല്‍. ഓഫീസുകളില്‍ നേരിട്ടെത്തിയോ ആധാറും പാന്‍ നമ്പറും ബന്ധിപ്പിക്കാവുന്നതാണ്.

എങ്ങനെ ബന്ധിപ്പിക്കാം?

1. ഇന്‍കംടാക്‌സ് ഇ-ഫയലിങ് പോര്‍ട്ടല്‍വഴി പാന്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ എളുപ്പമാണ്. 567678 അല്ലെങ്കില്‍ 56161 നമ്പറിലേയ്ക്ക് എസ്.എം.എസ് അയച്ചും ലിങ്ക് ചെയ്യാം. UIDPAN12digit Aadhaar>10digitPAN> ഈ ഫോര്‍മാറ്റിലാണ് എസ്.എം.എസ് അയയ്‌ക്കേണ്ടത്.

2. ഓണ്‍ലൈനില്‍ പാന്‍ ആധാറുമായി ബന്ധിപ്പിക്കാനായില്ലെങ്കില്‍ എന്‍.എസ്.ഡി.എല്‍, യു.ടി.ഐ.ടി.എസ്.എസ്.എല്‍ എന്നിവയുടെ സേവനകേന്ദ്രങ്ങള്‍ വഴി ഓഫ്‌ലൈനായി അതിന് സൗകര്യമുണ്ട്.

3. നിശ്ചിത സമയത്തിനകം ബന്ധിപ്പിച്ചില്ലെങ്കില്‍ ഭാവിയില്‍ പാന്‍ ഉപയോഗിക്കാനാവില്ല. അതായത് ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനോ, ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനോ പണമിടപാട് നടത്തുന്നതിനോ കഴിയില്ലെന്ന് ചുരുക്കം.

4. അസാധുവായ പാന്‍ സാമ്പത്തിക ഇടപാടുകള്‍ക്കായി ഉപയോഗിച്ചാല്‍ 10,000 രൂപ പിഴചുമത്താന്‍ നിയമം അനുവദിക്കുന്നു.

5.എന്‍.ആര്‍.ഐ.കള്‍ക്ക് പാന്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് നിര്‍ബന്ധമില്ല. എന്നിരുന്നാലും ആധാര്‍ എടുത്തിട്ടുള്ളവര്‍ക്ക് പാനുമായി ബന്ധിപ്പിക്കാവുന്നതാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!