അപകട സാധ്യത; ബന്ദിപ്പൂരിലും നാഗര്‍ഹോളെയിലും സഫാരിക്ക് ഇനി ഇന്‍ഷുറന്‍സും വേണം

കര്‍ണാടക: കര്‍ണാടകത്തിലെ പ്രമുഖ കടുവാസങ്കേതങ്ങളായ ബന്ദിപ്പൂരിലും നാഗര്‍ഹോളെയിലും സഫാരിക്കെത്തുന്ന സഞ്ചാരികള്‍ക്ക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുന്നു. അപകടസാധ്യതയ്ക്കാണ് ഇന്‍ഷുറന്‍സ് പരിരക്ഷ. ഇതിന്റെഭാഗമായി സഫാരിക്കുള്ള ടിക്കറ്റിന്റെ നിരക്കില്‍ പ്രീമിയമായി പത്തുരൂപവീതം അധികമീടാക്കും. ടിക്കറ്റ് എടുക്കുമ്പോഴേക്കും സഞ്ചാരികള്‍ ഇന്‍ഷുറന്‍സിന്റെ പരിധിയിലാകും.
സഞ്ചാരികള്‍ക്കുപുറമെ കടുവാസങ്കേതങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കും ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുന്നുണ്ട്. ഇതിനുള്ളപ്രീമിയം അധികൃതര്‍ അടച്ചു. മലയാളികളുള്‍പ്പെടെ ഒട്ടേറെപേരെത്തുന്ന കടുവാസങ്കേതകങ്ങളാണ് ബന്ദിപ്പൂരും നാഗര്‍ഹോളെയും.
വനംവകുപ്പൊരുക്കുന്ന സഫാരിയാത്രയാണ് രണ്ടിടത്തെയും പ്രധാന ആകര്‍ഷണം. വനംവകുപ്പിന്റെ പ്രത്യേകവാഹനത്തില്‍ വന്യമൃഗങ്ങളെ നേരില്‍ക്കണ്ടുള്ള യാത്രയാണിത്.
കര്‍ണാടകത്തില്‍ ഏറ്റവുമധികം കടുവകളും ആനകളുമുള്ളത് ബന്ദിപ്പുര്‍, നാഗര്‍ഹോളെ വനമേഖലയിലാണ്. വന്യജീവി സ്നേഹികളുടെ ഇഷ്ടസ്ഥലങ്ങളാണിവ. മാന്‍, പുലി, കാട്ടുപോത്ത് തുടങ്ങിയവയും ഈ വനമേഖലയില്‍ ധാരാളമായുണ്ട്. അടുത്ത കാലത്തായി കരിമ്പുലിയുടെ സാന്നിധ്യവും കണ്ടെത്തിയിരുന്നു.