‘പെറ്റ്‌ സി.ടി സ്‌കാനിലൂടെ’ രോഗനിർണയവും ചികിത്സയും നമ്പർ വൺ

Share our post

കോഴിക്കോട് : ക്യാൻസർ പോലെയുള്ള മാരക രോഗങ്ങളെക്കുറിച്ച്‌ കേൾക്കുന്നതുതന്നെ പേടിയും ആശങ്കയുമാണ്‌ പലർക്കും. വേഗത്തിലുള്ള രോഗ നിർണയവും ഫലപ്രദമായ ചികിത്സയുമാണ്‌ ഏക ആശ്വാസം. അത്യാധുനിക ‘പെറ്റ് സി.ടി സ്കാനി’ലൂടെ കോഴിക്കോട്‌ ഗവ. മെഡിക്കൽ കോളേജ്‌ രോഗികൾക്ക്‌ നൽകുന്നതും അതാണ്‌. 

സംസ്ഥാനത്തെ സർക്കാർ ആശുപത്രിയിൽ ആദ്യമായി സ്ഥാപിച്ച പെറ്റ്‌ സ്‌കാൻ 10 മാസം പിന്നിടുമ്പോൾ, ആയിരത്തിലേറെയാളുകൾക്ക്‌ അതിവേഗ രോഗനിർണയവും മികച്ച ചികിത്സയും ഉറപ്പാക്കാനായി. ന്യൂക്ലിയാർ മെഡിസിൻ വിഭാഗത്തിൽ 10 കോടി ചെലവിട്ടാണ്‌ സർക്കാർ ഇതൊരുക്കിയത്‌. ഐസോടോപ്പുകൾ ഉപയോഗിച്ചുള്ള സൂക്ഷ്‌മ സ്‌കാനിങ്‌ സംവിധാനം നിലവിൽ സംസ്ഥാനത്ത്‌ ചില പ്രമുഖ സ്വകാര്യ ആശുപത്രികളിൽ മാത്രമാണുള്ളത്‌. 

 ക്യാൻസർ ഉൾപ്പെടെ പല മാരക രോഗങ്ങളും നേരത്തെ നിർണയിക്കാനാവുമെന്നതാണ്‌ പ്രത്യേകത. ഇതുവഴി വേഗത്തിൽ ചികിത്സനൽകി രോഗം ഭേദമാക്കാനാവും. പുറമെ പ്രകടമാകാത്ത അർബുദം, അണുബാധ, ക്ഷയരോഗം, പാർക്കിൻസൺസ്‌, മറവിരോഗം എന്നിവയുടെ കാരണം, അപസ്മാരത്തിന്റെ തലച്ചോറിലെ ഉറവിടം എന്നിവ കണ്ടെത്താനും ബൈപാസ് ചികിത്സ ഫലപ്രദമാണോ എന്നുറപ്പാക്കാനുമാവും. ബയോപ്‌സിയുടെ കൃത്യതയും അറിയാം.  

ആശുപത്രിയിലെ വിവിധ വിഭാഗങ്ങളിൽനിന്ന്‌ നിർദേശിക്കുന്നവരിൽ മാത്രമാണ്‌ രോഗനിർണയം നടത്തുക. റേഡിയോ ട്രേസറുകൾ കുത്തിവച്ചശേഷമാണ്‌ സ്കാനിങ്‌. റേഡിയോ ട്രേസറുകൾ അർബുദമുള്ള കോശങ്ങൾ എവിടെയെല്ലാം ഉണ്ടെന്ന്‌ കണ്ടെത്തും. ഐസോടോപ്പുകൾ ഉപയോഗിച്ചാണ് സ്കാനിങ്‌. ഇത്‌ ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങൾ മനസ്സിലാക്കി രോഗം നിർണയിക്കും. സ്വകാര്യ സ്ഥാപനങ്ങളിൽ 25,000 രൂപവരെ ചെലവുള്ള ഈ സ്കാൻ ഇവിടെ 11,000 രൂപ‌ക്കാണ്‌ ചെയ്യുന്നത്‌. ആരോഗ്യ ഇൻഷുറൻസിൽ ഉൾപ്പെടുത്തി സൗജന്യമാക്കാനും ശ്രമമുണ്ട്‌. 

റേഡിയേഷൻ പ്രസരണമുള്ളതിനാൽ ന്യൂക്ലിയർ പവർ പ്ലാന്റിന്റെ മാതൃകയിലാണ്‌ സജ്ജീകരണം. കൊച്ചിയിലുള്ള മോളിക്യൂലാർ സൈക്‌ളോട്രോൺസ് എന്ന സ്ഥാപത്തിൽനിന്ന് ആവശ്യാനുസരണം മരുന്ന് ദിവസേന എത്തിക്കുന്നു. 110 മിനിറ്റ്‌ കഴിയുമ്പോൾ അളവ് പകുതിയായി കുറയുന്നതിനാൽ കൂടുതൽ സൂക്ഷിച്ചുവയ്ക്കാനാകില്ല. 

ഡോ.പി ഹരിലാലിന്റെ നേതൃത്വത്തിൽ ഡോ. വിവേക് മാത്യു, ഡോ. അലീസ് നൈവർ, ഫിസിഷ്യൻ ഡോ. സരിൻ കൃഷ്ണ എന്നിവരാണ് രോഗനിർണയം നടത്തുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!