കാലം മായ്ക്കാത്ത ചുവരെഴുത്തുണ്ട്‌ കന്നിക്കൊട്ടാരത്തിന്റെ ചുവരിൽ

Share our post

നീലേശ്വരം : ചരിത്രം എപ്പോഴും അങ്ങനെയാണ്. കാലമെത്രകഴിഞ്ഞാലും നമ്മെ ഓർമ്മപ്പെടുത്തിക്കൊണ്ടേയിരിക്കും. ഇന്ന് എൽ.ഡി.എഫ്‌ സഹയാത്രികനായ രാമചന്ദ്രൻ കടന്നപ്പള്ളി 1971 ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി കാസർകോട് പാർലിമെന്റ്‌ മണ്ഡലത്തിൽ നിന്നും മത്സരിച്ചപ്പോഴത്തെ ചുവരെഴുത്താണ് അരനൂറ്റാണ്ട് പിന്നിട്ടിട്ടും മായാതെ കിടക്കുന്നത്‌. 

കാഞ്ഞങ്ങാട് മുൻസിപ്പാലിറ്റിയിലെ പുതുക്കൈ സദാശിവക്ഷേത്രം കന്നിക്കൊട്ടാരത്തിന്റെ ചുമരിലാണ് പശുവും കിടാവും ചിഹ്‌നവും, പ്രചരണവാചകങ്ങളും മായാതെ കിടക്കുന്നത്. 1971 ൽ പാർലമെന്റ്‌ നിയോജക മണ്ഡലം തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സിലെ രാമചന്ദ്രൻ കടന്നപ്പള്ളിയും, സി.പി.എമ്മിലെ ഇ.കെ. നായനാരും, ബി.ജെ.പി.യിലെ ഈശ്വര ഭട്ട്, സ്വതന്ത്രനായി പാട്ടത്തിൽ രാഘവനുമാണ് മത്സരിച്ചത്. ഇതിൽ രാമചന്ദ്രൻ കടന്നപ്പള്ളിക്കുവേണ്ടിയാണ് പശുവും കിടാവും ചിഹ്നവും, ഇന്ദിരാഗാന്ധിയുടെ പേരും ചെങ്കൽ ചുമരിൽ കുമ്മായത്തിൽ എഴുതിവെച്ചത്. 

പുതുക്കൈയിലെ സി. ബാലനും പരേതരായ അപ്പുനായരും, രാഘവൻനായരും കൂടിയാണ് ചുവരെഴുത്ത് നടത്തിയത്. തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സിലെ രാമചന്ദ്രൻ കടന്നപ്പള്ളി വിജയിച്ചു. രാമചന്ദ്രൻ കടന്നപ്പള്ളിക്ക്‌ 1,89486 വോട്ടും, ഇ.കെ. നായനാർക്ക് 1,61082 വോട്ടും, ഈശ്വര ഭട്ടിന് 43,564 വോട്ടും പാട്ടത്തിൽ രാഘവന് 17930 വോട്ടും കിട്ടിയതായി ചുമരെഴുതിയ ബാലൻ ഓർക്കുന്നു. എന്നാൽ കുമ്മായത്തിൽ എഴുതിയ എഴുത്ത് കാലമെത്രകഴിഞ്ഞിട്ടും മായാതെ കിടക്കുകയാണ്‌. രാമചന്ദ്രൻ കടന്നപ്പള്ളി ഇന്ന് എൽ.ഡി.എഫ്‌ എം.എൽ.എ.യാണ്‌.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!