കാപ്പ ചുമത്തിയത് അസാധുവെന്ന് കണ്ടെത്തല്‍; ആകാശ് തില്ലങ്കേരി ജയില്‍ മോചിതനായി

Share our post

കണ്ണൂര്‍: കാപ്പ ചുമത്തി ജയിലിലടച്ച മട്ടന്നൂര്‍ ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയെ വിട്ടയച്ചു. ആകാശ് തില്ലങ്കേരിയുടെ പേരില്‍ ചുമത്തിയ കാപ്പ അസാധുവാണെന്ന് കാപ്പ ഉപദേശക സമിതി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

ആകാശിനെതിരേ കാപ്പ ചുമത്തിയ നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം പരാതി നല്‍കിയിരുന്നു. കാപ്പ ചുമത്തി ആകാശിനെ തടങ്കലില്‍ പാര്‍പ്പിച്ചത് പരിശോധിച്ച ഉപദേശക സമിതി, കാപ്പ ചുമത്താനുളള കുറ്റം പ്രതി ചെയ്തിട്ടില്ലെന്ന് കണ്ടെത്തി. ഇതേതുടര്‍ന്നാണ് ആകാശ് തില്ലങ്കേരി വിയ്യൂര്‍ ജയിലില്‍ നിന്ന് മോചിതനായത്.

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജയിലറെ മര്‍ദിച്ചെന്ന കേസിലും പ്രതിയായതോടെയാണ് ആകാശിനെ വീണ്ടും കാപ്പ ചുമത്തി സെപ്തംബര്‍ പതിമൂന്നിന് അറസ്റ്റ് ചെയ്തത്. മകളുടെ പേരിടങ്ങല്‍ ചടങ്ങിനായി വീട്ടിലെത്തിയപ്പോഴാണ് കണ്ണൂര്‍ മുഴക്കുന്ന് പോലീസ് ആകാശിനെ കസ്റ്റഡിയിലെടുത്തത്.

പേരിടല്‍ ചടങ്ങിനിടെ പോലീസ് വാഹനം കണ്ട് ആകാശ് കാര്യം തിരക്കാനായി വാഹനത്തിന്റെ അടുത്തെത്തിയിരുന്നു. തുടര്‍ന്ന് പോലീസ് സംഘം ഇയാളെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇതോടെ വീട്ടില്‍ ചടങ്ങിനെത്തിയിരുന്ന ബന്ധുക്കളടക്കം സ്റ്റേഷന് മുന്നിലെത്തി തടിച്ചുകൂടി ബഹളം വെച്ചിരുന്നു. കാപ്പ ചുമത്തിയതിനെതിരെ കുടുംബം മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!