കെ.എസ്.ആര്‍.ടി.സി ബസിടിച്ചു പരുക്കേറ്റ ബൈക്ക് യാത്രക്കാരന്‍ ചികിത്സക്കിടെ മരണമടഞ്ഞു

Share our post

കണ്ണൂര്‍: ആലക്കോട് പൊലിസ് സ്‌റ്റേഷന്‍ പരിധിയിലെ വായാട്ടുപറമ്പില്‍ കെ. എസ്. ആര്‍.ടി.സി ബസിലിടിച്ചു ഗുരുതരമായ പരുക്കുകളോടെ ചികിത്സയിലായിരുന്ന ബൈക്ക് യാത്രക്കാരന്‍ മരണമടഞ്ഞു. ബാലപുരം നടുവില്‍ വീട്ടില്‍ ടോംസണാ(48)ണ് തിങ്കളാഴ്ച്ച പുലര്‍ച്ചെ അഞ്ചു മണിയോടെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയ്ക്കിടെ മരണമടഞ്ഞത്.

ശനിയാഴ്ച്ച വൈകുന്നേരമാണ് അപകടം. പരുക്കേറ്റ മോസ്‌കോകവലയിലെ സുകുമാരന്‍ മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്‌സയിലാണ്.ആലക്കോട് കണ്‍സ്യൂഫര്‍ഫെഡ് മദ്യവില്‍പന ശാലയില്‍ നിന്നും മദ്യം വാങ്ങി ബൈക്കില്‍ വരുന്ന ഇവര്‍ മീന്‍പറ്റി റോഡില്‍ നിന്നും മലയോര ഹൈവെയിലേക്ക് കടക്കുന്നതിനിടെ എതിരെ വന്ന കെ. എസ്. ആര്‍ടി.സി ബസിടിക്കുകയായിരുന്നുവെന്നാണ് പൊലിസ് പറയുന്നത്.

ഗുരുതരമായി പരുക്കേറ്റ ഇരുവരെയും ഈ സമയം അതുവഴി വന്ന എക്‌സൈസ് വാഹനത്തിലാണ് ആശുപത്രിയിലെത്തിച്ചത്. സംസ്‌കാരം ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് വായാട്ടുപറമ്പ് സെന്റ് ജോസഫ്‌സ് ഫെറോന ദേവാലയത്തില്‍ നടക്കും. വായാട്ടുപറമ്പ് കവലയിലെ നടുവിലെ വീട്ടില്‍ മാത്യു-മേരി ദമ്പതികളുടെ മകനാണ്.

സഹോദരങ്ങള്‍:ലെനി, ദിനീഷ്. ഇരുവരും അവിവാഹാതിരാണ്.സംഭവത്തില്‍ ആലക്കോട് പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. രോഗികളായ മാതാപിതാക്കളുളള കുടുംബത്തിന്റെ ഏക ആശ്രയമാണ് മരണമടഞ്ഞ ടോംസണ്‍.ഗുരുതരമായി പരുക്കേറ്റ ടോംസണ്‍ പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജാശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!