പരാതി പരിഹാരത്തിനായി ഇനി ഇലക്ട്രയുണ്ട്!

തിരുവനന്തപുരം: പരാതി പരിഹാരത്തിനായി പുതിയ വാട്സ്ആപ്പ് സേവനം ആരംഭിച്ച് കെ.എസ്.ഇ.ബി. ഉപഭോക്താക്കളുടെ പരാതി പരിഹരിക്കാൻ ഇലക്ട്ര എന്ന പേരിലുള്ള വാട്സ്ആപ്പ് സേവനത്തിനാണ് കെ.എസ്.ഇ.ബി രൂപം നൽകിയിരിക്കുന്നത്.
ഉപഭോക്താക്കൾക്ക് പരാതികൾ അറിയിക്കാനും, വാതിൽപ്പടി സേവനങ്ങൾക്കും ഇലക്ട്രയെ ഉപയോഗപ്പെടുത്താവുന്നതാണ്. 9496001912 എന്നതാണ് ഇലക്ട്രയുടെ വാട്സ്ആപ്പ് നമ്പർ. ഈ നമ്പർ സേവ് ചെയ്തതിനുശേഷം വാട്സ്ആപ്പ് മുഖാന്തരം പരാതികൾ അറിയിക്കാവുന്നതാണ്.
വാട്സ്ആപ്പ് സേവനങ്ങൾക്ക് പുറമേ, കെ.എസ്.ഇ.ബിയുടെ സെക്ഷൻ ഓഫീസിലും, 24 മണിക്കൂറും പ്രവർത്തിക്കുന്ന ടോൾ ഫ്രീ കസ്റ്റമർ കെയർ നമ്പറിലും വൈദ്യുതി സംബന്ധമായ പരാതികൾ അറിയിക്കാമെന്ന് കെഎസ്ഇബി അറിയിച്ചിട്ടുണ്ട്.
കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസുമായി ബന്ധപ്പെടാൻ 1912 നമ്പറിലേക്കാണ് വിളിക്കേണ്ടത്. ഈ നമ്പറിലും ഉപഭോക്താക്കൾക്ക് പരാതി പരിഹാരത്തിനായി വിളിക്കാവുന്നതാണ്. വൈദ്യുതി കണക്ഷൻ ലഭിക്കുന്നതുമായി ബന്ധപ്പെട്ടും കെ.എസ്.ഇ.ബി പ്രത്യേക അറിയിപ്പ് പുറത്തിറക്കിയിട്ടുണ്ട്.
ഏതുതരം വൈദ്യുതി കണക്ഷൻ കണക്ഷൻ ലഭിക്കുന്നതിനും അപേക്ഷകൻ രണ്ട് രേഖകൾ മാത്രം സമർപ്പിച്ചാൽ മതിയാകും. അപേക്ഷകന്റെ തിരിച്ചറിയൽ രേഖ, വൈദ്യുതി കണക്ഷൻ ലഭിക്കേണ്ട സ്ഥലത്ത് അപേക്ഷകന്റെ നിയമപരമായ അവകാശം തെളിയിക്കുന്നതിനുള്ള രേഖ എന്നിവയാണ് ആവശ്യമായിട്ടുള്ളത്.