ഇസ്രയേലിൽ മിസൈൽ ആക്രമണത്തിൽ കണ്ണൂർ സ്വദേശിനിക്ക് പരിക്ക്

ടെൽ അവീവ് ഇസ്രയേലിൽ മിസൈൽ ആക്രമണത്തിൽ മലയാളി യുവതിയ്ക്ക് പരിക്ക്. കണ്ണൂർ പയ്യാവൂർ സ്വദേശി ഷീജ ആനന്ദിനാണ് (41) പരിക്കേറ്റത്.
വടക്കൻ ഇസ്രയേലിലെ അഷ്കിലോണിൽ ഏഴ് വർഷമായി കെയർ ടേക്കറായി ജോലി ചെയ്യുകയാണ് ഷീജ. ഇസ്രായേൽ സമയം ശനിയാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് ആക്രമണം ഉണ്ടായത്. ഈ സമയം ഷീജ വീട്ടിലേക്ക് വീഡിയോ കോളിൽ സംസാരിക്കുകയായിരുന്നു. പെട്ടെന്ന് വലിയ ശബ്ദത്തിൽ പൊട്ടിത്തെറി നടന്നു. ഉടൻ ഫോൺ സംഭാഷണം നിലച്ചു. പിന്നീട് ഇവരെ വീട്ടുകാർക്ക് ബന്ധപ്പെടാൻ സാധിച്ചില്ല. ഇവർ ജോലി ചെയ്യുന്ന വീട്ടുകാർക്കും പരിക്കുണ്ട്.
ഷീജയ്ക്ക് കാലിനാണ് പരിക്ക്. ഷീജയെ ഉടൻ തന്നെ സമീപത്തുള്ള ബെർസാലൈ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് ടെൽ അവീവിലെ ആശുപ്രതിയിലേക്ക് വിദഗ്ധ ചികിത്സക്കായി കൊണ്ടുപോയി. പയ്യാവൂർ സ്വദേശി ആനന്ദാണ് ഷീജയുടെ ഭർത്താവ്. മക്കൾ: ആവണി ആനന്ദ്, അനാമിക ആനന്ദ്.
അതേസമയം ഇസ്രയേൽ-പലസ്തീൻ സംഘർഷത്തിൽ രണ്ടു ദിവസത്തിനിടെ മരണം ആയിരം കടന്നു. ഇസ്രയേലിലേക്ക് കടന്നു കയറി ഹമാസ് നടത്തിയ ആക്രമണത്തിലും ഇസ്രയേൽ നടത്തിയ പ്രത്യാക്രമണത്തിലും ഇരുപക്ഷത്തും കഷ്ടമാണുണ്ടായത്. ഇസബെലിൽ 10-ലധികം പേർ കൊല്ലപ്പെട്ടപ്പോൾ പലസ്തീനിൽ 370 മരണവും റിപ്പോർട്ട് ചെയ്തു.
ഇതിനിടെ ഇസ്രയേലിന് സായുധപിന്തുണ നൽകുമെന്ന് പ്രഖ്യാപിച്ച് യു.എസ്. രംഗത്തെത്തിയിട്ടുണ്ട്. ജർമനി, യുക്രൈൻ, ഇറ്റലി, ബ്രിട്ടൻ എന്നിവയുടെ തലവന്മാരുമായി ചർച്ച നടത്തിയതായും ഇവർ തങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചതായും ഇപ്പോൾ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കുകയും ചെയ്തു.