കോർപറേഷൻ ഉദ്യോഗസ്ഥർക്കെതിരെ ഹൈക്കോടതി വടിയെടുത്തു; മാലിന്യനീക്കം ഇനി അഭിമാന പ്രശ്നം

കണ്ണൂർ: ഹരിതകർമ്മ സേനയ്ക്ക് നൽകാതെ പ്ലാസ്റ്റിക് പൂഴ്ത്തിവെക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് പ്രഖ്യാപിച്ച് കോർപ്പറേഷൻ.മാലിന്യം പൊതുസ്ഥലത്ത് വലിച്ചെറിയുന്നത് തടയാനും വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും ഫ്‌ളാറ്റുകളിലും മാലിന്യ സംസ്‌കരണത്തിന് സ്ഥിരം സംവിധാനം ഒരുക്കുന്നതിനും കഴിഞ്ഞില്ലെങ്കിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്ന ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കർശന നടപടിയെടുക്കാനുള്ള തീരുമാനമുണ്ടായത്.
നിരന്തരമായ ബോധവൽക്കരണത്തിലൂടെയും ഒരു വിഭാഗം ആളുകൾക്ക് മാലിന്യ സംസ്കരണത്തെ കുറിച്ച് തിരിച്ചറിവുണ്ടാകാത്ത സ്ഥിതിയാണെന്ന് അധികൃതർ പറഞ്ഞു.ഹരിത കർമ്മ സേനാംഗങ്ങളോട് തർക്കിക്കുകയാണ് പലരും.കർശ്ശന നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പിനെ ഗൗരവത്തോടെ കാണുന്നില്ലെന്നും സേനാംഗങ്ങൾ പറഞ്ഞു.നിലവിൽ ഹരിത കർമ്മസേന വീടുകളിൽ പ്ലാസ്റ്റിക് ശേഖരിക്കാൻ എത്തിയാൽ പലരും പണം നൽകാനുള്ള മടി കാരണം പ്ലാസ്റ്റിക് മാലിന്യങ്ങൾ നൽകാത്ത സാഹചര്യമാണ്.
ഇരുട്ടാവുന്നതോടെ ഇവ കത്തിച്ചു കളയുകയാണ്.ഹരിത കർമ്മ സേനയിൽ രജിസ്റ്റർ ചെയ്ത് ജൈവ മാലിന്യം സ്വന്തമായും അജൈവ മാലിന്യം ഹരിത കർമ്മ സേനയ്ക്ക് കൈമാറാനുമാണ് നേരത്തെ നിർദ്ദേശം നൽകിയിരുന്നത്.ഫ്‌ളാറ്റുകളിൽ താമസിക്കുന്ന ഓരോ കുടുംബങ്ങളും ഹരിത കർമ്മസേനയിൽ വേറെ വേറെ രജിസ്റ്റർ ചെയ്തു മാലിന്യം ഹരിത കർമ്മ സേനയ്ക്ക് നൽകണം.
ഫ്‌ളാറ്റുകളിൽ താമസിക്കുന്നവർ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന് സഹകരിക്കാത്ത സ്ഥിതിയുമുണ്ട്.വിദ്യാർത്ഥികളെ ഉൾപ്പെടുത്തി മാലിന്യ സംസ്കരണത്തെ കുറിച്ച് ബോധവൽക്കരണം നൽകി കൊണ്ടുള്ള സർവ്വെ നടത്താനും കോർപ്പറേഷന് പദ്ധതിയുണ്ട്.90 ഇടങ്ങളിൽ ക്യാമറകൾപൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്താൻ കോർപ്പറേഷൻ പരിധിയിൽ 90 സി.സി.ടി.വി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.
രാത്രികാലങ്ങളിൽ വാഹനങ്ങളിലും മറ്റുമായി മാലിന്യം പൊതുസ്ഥലത്ത് തള്ളുന്നവരെയും മലിനജലം പൊതുസ്ഥലത്തിലേക്കൊഴുക്കുന്നവരെയും പ്ലാസ്റ്റിക് കത്തിക്കുന്നതും ഉൾപ്പെടെ കണ്ടെത്താൻ ഹെൽത്ത് ഇൻസ്‌പെക്ടർമാരുടെ നേതൃത്വത്തിൽ സ്‌പെഷ്യൽ സ്‌ക്വാഡ് രൂപീകരിച്ച് പ്രവർത്തനം നടത്തി വരുന്നുണ്ട്.
നിയമം ലംഘിച്ചാൽ
വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും എതിരെ പിഴ.
കോർപ്പറേഷൻ ആവശ്യസേവനങ്ങൾ തടയും.