ജനഹിതം നേരിട്ടറിയാൻ മുഖ്യമന്ത്രി ഇന്നു മുതൽ കുടുംബയോഗങ്ങളിൽ

കണ്ണൂർ: സർക്കാറിന്റെ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാനും ജനമനസ്സറിയാനും ലക്ഷ്യമിട്ട് ഇടതുമുന്നണി നടത്തുന്ന കുടുംബയോഗങ്ങളിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ശനിയാഴ്ച ധർമടം മണ്ഡലത്തിലെത്തും. ഒക്ടോബർ ഏഴ്, എട്ട്, ഒമ്പത്, പത്ത് ദിവസങ്ങളിൽ മണ്ഡലത്തിൽ നടക്കുന്ന 28 കുടുംബയോഗങ്ങളിൽ മുഖ്യമന്ത്രി പങ്കെടുക്കും.
നാലുദിവസത്തിനകം ഇത്രയും കുടുംബ യോഗങ്ങളിൽ മുഖ്യമന്ത്രി പങ്കെടുക്കുന്നത് അപൂർവമാണ്. എൽ.ഡി.എഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കുടുംബയോഗങ്ങള്‍. എല്ലാ മണ്ഡലങ്ങളിലും ജനപ്രതിനിധികളും എൽ.ഡി.എഫ് നേതാക്കളും പങ്കെടുക്കുന്ന കുടുംബയോഗങ്ങള്‍ ബൂത്ത് അടിസ്ഥാനത്തില്‍ നടത്തുന്നതിന്റെ ഭാഗമാണ് പരിപാടി.
വെള്ളിയാഴ്ച വൈകീട്ട് പെരളശ്ശേരിയിലാണ് ആദ്യ കുടുംബയോഗം നിശ്ചയിച്ചിരുന്നത്. സി.ഐ.ടി.യു നേതാവ് ആനത്തലവട്ടം ആനന്ദന്റെ വിയോഗത്തോടെ പരിപാടി മാറ്റി. നാലു ദിവസവും രാവിലെ 10ന് തുടങ്ങി വൈകീട്ട് ആറോടെ അവസാനിക്കുന്ന വിധമാണ് പരിപാടിയുടെ സമയക്രമം. ഒക്ടോബർ ഏഴിന് രാവിലെ 10ന് വേങ്ങാട് തെരു, 11ന് അഞ്ചരക്കണ്ടി തട്ടാരി, 12ന് കുഴിമ്പാലോട് മെട്ട, 3.30ന് ചാല ബസാര്‍, 4.30ന് ചെമ്പിലോട് മെട്ട, 5.30 ന് പാനേരിച്ചാല്‍, 6.30ന് കണയന്നൂര്‍.
ഒക്ടോബര്‍ എട്ടിന് 10ന് അഞ്ചരക്കണ്ടി ഹയര്‍സെക്കൻഡറി സ്കൂള്‍, 11ന് മുഴപ്പാല, 12ന് വാളാങ്കിച്ചാല്‍, 3.30 ആഡൂര് കോങ്ങാട്ട് പീടിക, 4.30- കടമ്പൂര് നോര്‍ത്ത് യു.പി. സ്കൂള്‍, 5.30 -കൂടക്കടവ്, 6.30- മുഴപ്പിലങ്ങാട് ഹയര്‍സെക്കൻഡറി സ്കൂള്‍.
ഒക്ടോബര്‍ ഒമ്പതിന് 10ന് മൂന്നാംപാലം, 11ന് മൂന്നുപെരിയ താജ് ഓഡിറ്റോറിയം, 12ന് കിലാലൂര്‍, 3.30ന് ചേരിക്കമ്പനി, 4.30ന് കുഴിയില്‍ പീടിക, 5.30 -കീഴത്തൂര്‍ വായനശാല, 6.30 -പാനുണ്ട യു.പി സ്കൂള്‍ ഗ്രൗണ്ട്. ഒക്ടോബര്‍ 10ന് രാവിലെ 10ന് പന്തക്കപ്പാറ സ്റ്റേഡിയം, 11ന് പിണറായി കണ്വെന്ഷന് സെന്റര്‍, 12ന് പാറപ്രം ടൗണ്‍, 3.30- മേലൂര്‍ ഹോമിയോ ഡിസ്പെന്‍സറി പരിസരം, 4.30 -അണ്ടലൂര്‍ വായനശാല, 5.30 -പള്ളിപ്രം മോസ് കോര്‍ണര്‍, 6.30 -സാമിക്കുന്ന് എന്നിങ്ങനെയാണ് 28 കേന്ദ്രങ്ങൾ.