സ്വർണ്ണത്തട്ടിപ്പിനിരയായവർ കൂട്ടമായി എടക്കാട് പോലീസ് സ്റ്റേഷനിൽ

എടക്കാട്: പലിശ രഹിത സ്വർണവായ്പ തട്ടിപ്പിന് ഇരയായവർ കൂട്ടത്തോടെ എടക്കാട് പോലീസ് സ്റ്റേഷനിലെത്തി. രണ്ടു വർഷമായി ഏജന്റുമാർ മുഖേന കൊടുത്ത സ്വർണത്തിന്റെ പണം കിട്ടാതായതോടെയാണ് നിരവധിപേർ പൊലീസ് സ്റ്റേഷനിലെത്തിയത്.
വെള്ളിയാഴ്ച ഉച്ച കഴിഞ്ഞാണ് എടക്കാട്, ഏഴര, മുനമ്പ്, കുറ്റിക്കകം ഭാഗത്തെ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ സ്റ്റേഷനിലെത്തിയത്. ഇവർ നേരത്തേ എടക്കാട് ഉസ്സൻ മുക്ക് സ്വദേശിയുടെ കൈവശം സ്വർണം നിക്ഷേപമായി കൊടുത്തിരുന്നു. ഇത് തിരികെ നൽകേണ്ട കാലാവധി കഴിഞ്ഞിട്ടും ലഭിച്ചില്ല. ഒടുവിൽ ഒക്ടോബർ അഞ്ചിന് എല്ലാവരുടെയും സ്വർണം തിരികെ നൽകുമെന്നറിയിച്ചിരുന്നു.
ഇതുപ്രകാരം വൈകീട്ട് വരെ കാത്തിരുന്നിട്ടും സ്വർണം ലഭിക്കാതായപ്പോൾ ആഭരണങ്ങൾ നഷ്ടപ്പെട്ടവരുടെ ബന്ധുക്കളും നാട്ടുകാരും എടക്കാട് ഉസ്സൻ മുക്കിലെ ഇദ്ദേഹത്തിന്റെ വീട്ടിൽ പോയിരുന്നു. തുടർന്ന് വാക്കുതർക്കമുണ്ടായെങ്കിലും ഇയാൾ സ്വർണം നൽകാൻ തയാറായില്ല.
ഇതോടെ വീട്ടിലെത്തി അതിക്രമം കാട്ടിയെന്നാരോപിച്ച് ഉസ്സൻ മുക്ക് സ്വദേശി എടക്കാട് പൊലീസിൽ പരാതി നൽകി. ഇതോടെയാണ് സ്വർണം നഷ്ടപ്പെട്ട സ്ത്രീകൾ ഉൾപ്പെടെയുള്ളവർ കൂട്ടമായി എടക്കാട് സ്റ്റേഷനിലേക്കെത്തിയത്. എടക്കാട്, കണ്ണൂർ സിറ്റി ഭാഗങ്ങളിലടക്കം നിരവധി പേർക്കാണ് പലിശരഹിത വായ്പതട്ടിപ്പിൽ സ്വർണം നഷ്ടമായത്. പലരും പൊലീസിൽ പരാതി നൽകാൻ തയാറായില്ല.