പാനൂർ നഗരസഭയിൽ ക്രമക്കേടുണ്ടെന്നും വിജിലൻസിന് റിപ്പോർട്ട് നൽകി സെക്രട്ടറി; അന്വേഷണം നേരിടാൻ തയ്യാറെന്ന് ചെയർമാൻ

പാനൂർ: വർഗ്ഗീയ പരാമർശത്തെ തുടർന്നു വിളിച്ചു ചേർത്ത പ്രത്യേക കൗൺസിൽ യോഗത്തിൽ പാനൂർ നഗരസഭയിൽ അഴിമതി കണ്ടെത്തിയിട്ടുണ്ടെന്നും ക്രമവിരുദ്ധത ചൂണ്ടിക്കാട്ടി വിജിലൻസിന് റിപ്പോർട്ട് നല്കിയെന്നും സെക്രട്ടറി എ. പ്രവീൺ വെളിപ്പെടുത്തി. ചില കൗൺസിലർമാർക്കും ഒരു ജീവനക്കാരനും ക്രമക്കേടിൽ പങ്കുള്ളതായും സെക്രട്ടറിയുടെ വാക്കുകളിലുണ്ട്.
അന്വേഷണം നടക്കുന്നതിനാൽ കൗൺസിലർമാരുടെ പേര് പറയുന്നില്ലെന്നാണ് സെക്രട്ടറി പറഞ്ഞത്.എന്നാൽ തെറ്റായ ഒരു കാര്യത്തിലും ഇവിടെയുള്ള 40 കൗൺസിലർമാരും ഇടപെട്ടിട്ടില്ലെന്നും ഏതന്വേഷണത്തിനും തയ്യാറാണെന്നും നഗരസഭ ചെയർമാൻ വി. നാസർ വ്യക്തമാക്കി. ബസ് സ്റ്റാൻഡിലെ ബിൽഡിംഗിനടക്കം ലൈസൻസ് നല്കിയത് നിയമപ്രകാരമാണെന്നും ചെയർമാൻ വ്യക്തമാക്കി.
വർഗ്ഗീയ പരാമർശവുമായി ബന്ധപ്പെട്ട അജണ്ടയിൽ വർഗ്ഗീയ പരാമർശം തന്റെ ശബ്ദമല്ലെന്നും അത് എഡിറ്റ് ചെയ്തതാണെന്നും സെക്രട്ടറി പറഞ്ഞു. ഇത് കൗൺസിലിൽ പ്രതിഷേധത്തിനും കാരണമായി. വർഗ്ഗീയ പരാമർശത്തെ കൗൺസിൽ യോഗം തള്ളി. സെക്രട്ടറിയെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്യണമെന്ന് ബി.ജെ.പിയിലെ എം. രത്നാകരൻ പറഞ്ഞു.
ശബ്ദരേഖ തന്റേതല്ലെന്ന വാദം കള്ളമാണെന്നും എഡിറ്റ് ചെയ്തെ ങ്കിൽ പൊലീസിൽ പരാതി നല്കണമെന്നും ആവോലം ബഷീർ പറഞ്ഞു.എ. പ്രവീണിനെ മാനന്തവാടി നഗരസഭയിലേക്ക് സ്ഥലം മാറ്റിയിട്ടുണ്ട്. മാനന്തവാടി നഗരസഭ സെക്രട്ടറി പാനൂരിലേക്കെത്തും.