ഹയർ സെക്കൻഡറി പരീക്ഷക്കിടെ ജില്ല സ്കൂൾ കായികമേള; വിദ്യാർഥികൾക്ക് എട്ടിന്റെ പണി

തിരുവനന്തപുരം: രണ്ടാം വർഷ ഹയർ സെക്കൻഡറി/ വി.എച്ച്.എസ്.ഇ വിദ്യാർഥികൾക്ക് ഒക്ടോബർ ഒമ്പതു മുതൽ 13 വരെ ഇംപ്രൂവ്മെന്റ് പരീക്ഷ നിശ്ചയിച്ച അതെ ദിവസങ്ങളിൽ തന്നെ റവന്യൂ ജില്ല സ്കൂൾ കായികമേള സംഘടിപ്പിക്കാനുള്ള അധികാരികളുടെ തീരുമാനത്തിൽ വിദ്യാർത്ഥികൾ ആശങ്കയിൽ .
നിപയുടെ സാഹചര്യത്തിൽ ഹയർ സെക്കൻഡറി ഇംപ്രൂവ്മെൻറ് പരീക്ഷ ഒക്ടോബർ ഒമ്പതിലേക്ക് മാറ്റിയപ്പോൾ, അതിനനുസരിച്ച് കായികമേള മാറ്റാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം . ഈ പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്ക് കായികമേളയിൽ പങ്കെടുക്കാൻ കഴിയാത്ത സാഹചര്യമാണ് ഉടലെടുത്തിരിക്കുന്നത് .
ഒക്ടോബർ എട്ടുമുതൽ 10 വരെ കാര്യവട്ടം എൽ.എൻ.സി.പി.ഇ ഗ്രൗണ്ടിലാണ് കായികമേള. 12 ഉപജില്ലകളിലും സ്പോർട്സ് സ്കൂളുകളിലും നിന്ന് സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി 5000ൽപരം കായികതാരങ്ങളാണ് പങ്കെടുക്കുന്നത്. 16 മുതൽ 20 വരെ തൃശൂർ കുന്നംകുളം സീനിയർ മൈതാനിയിലെ സിന്തറ്റിക് ട്രാക്കിലാണ് സംസ്ഥാന കായികോത്സവം. അതിനു മുമ്പ് ജില്ല മത്സരങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്.