ഇരിട്ടി : കരിന്തളം-വയനാട് 400 കെ.വി ലൈൻ കടന്നുപോകുന്ന പ്രദേശങ്ങളിലെ ഭൂ ഉടമകൾക്ക് അർഹമായ നഷ്ടപരിഹാരം നൽകാതെ നിർമാണം അനുവദിക്കില്ലെന്ന നിലപാട് ശക്തമായിക്കൊണ്ടിരിക്കെ നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപനം വൈകുന്നു.
ലൈൻ വലിക്കേണ്ടതും ടവർ നിർമിക്കേണ്ടതും ഇനി ജനവാസമേഖലയിലും കൃഷിയിടങ്ങളിലുമാണ്. ആറളം ഫാം ഉൾപ്പെടെയുള്ള മേഖലകളിൽ ടവർ നിർമാണം പൂർത്തിയായി. സർക്കാറിന്റെ അധീനതയിലും പതിച്ചുനൽകിയ ഭൂമിയും ഉൾപ്പെടുന്ന ഭാഗങ്ങളിലാണ് കാര്യമായ എതിർപ്പുകളൊന്നുമില്ലാതെ ടവർ നിർമിച്ചത്. ടവറിന്റെ പ്രാരംഭപ്രവൃത്തിക്കായി ജനവാസ മേഖയിലെ ഭൂമിയിൽ അധികൃതർ പ്രവേശിച്ചപ്പോൾ തന്നെ എതിർപ്പ് ശക്തമായിരുന്നു.
ലൈൻ കടന്നുപോകുന്ന പ്രദേശങ്ങളിലെ കർമസമിതി ഭാരവാഹികൾക്കൊപ്പം രാഷ്ട്രീയവ്യത്യാസമില്ലാതെ എല്ലാവരും നിലയുറപ്പിച്ചതോടെ ഇതുവരെ നിർത്തിയിടത്തുനിന്നും ഒരടി നിർമാണം മുന്നോട്ട് നീക്കാൻ കെ.എസ്.ഇ.ബി.ക്കോ കരാർ കമ്പനിക്കോ കഴിഞ്ഞിട്ടില്ല. 500 കോടിയുടെ പ്രവൃത്തി സമയബന്ധിതമായി പൂർത്തിയാക്കണമെങ്കിൽ ഇപ്പോഴത്തെ സ്തംഭനാവസ്ഥയ്ക്ക് പരിഹാരം ഉണ്ടാകണം.
ലൈൻ കടന്നുപോകുന്ന പ്രദേശങ്ങളിലെ ഭൂപ്രകൃതിയുടെ പ്രത്യേകത അനുസരിച്ച് വേണം ടവർ നിർമിക്കാൻ. ഉയരം കൂടിയ പ്രദേശങ്ങളിൽനിന്ന് ഉയരം കുറഞ്ഞ പ്രദേശങ്ങളിലേക്ക് ടവർ നിർമിച്ച് ലൈൻ വലിക്കുന്ന രീതിയാണ് പിൻതുടരുന്നത്. ഇതിനായി ജനവാസ മേഖലയിലെ ഉയരത്തിലുള്ള കൃഷിയിടങ്ങളിലെ മരങ്ങൾ മുറിക്കണം.
ലൈൻ വലിക്കേണ്ടത് 125 കിലോമീറ്റർ
കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളിലെ മലയോര ഗ്രാമങ്ങളിലൂടെ 125 കിലോമീറ്റർ ലൈൻ വലിക്കുന്നതിന് 370 ടവറാണ് നിർമിക്കേണ്ടത്. ഇതിൽ മൂന്ന് ജില്ലകളിലുമായി 100 ഓളം ടവറുകൾ മാത്രമാണ് നിർമിച്ചത്.
ബാക്കിയുള്ള 270 ടവറുകളും ജനവാസ മേഖലയിലും കൃഷിയിടങ്ങളിലുമാണ്. രണ്ട് ടവറുകൾ തമ്മിലുള്ള അകലം 200 മുതൽ 600 മീറ്റർ വരെയാണ്. 35 മുതൽ 60 മീറ്റർ വരെയാണ് ഉയരം.
വിപണി വില അടിസ്ഥാനമാക്കിയുള്ളപാക്കേജിനായി സമ്മർദം
എടമൺ കൊച്ചിയിലും മാടക്കത്തറയിലും നടപ്പിലാക്കിയ നഷ്ടപരിഹാര പാക്കേജ് വ്യവസ്ഥകൾ പ്രഖ്യാപിച്ച് പ്രതിഷേധം തണുപ്പിക്കാനുള്ള ചർച്ചകൾ ഉണ്ടായെങ്കിലും ജനകീയ കർമസമിതിയും ജനപ്രതിനിധികളും വിപണിവില അടിസ്ഥാനമാക്കിയുള്ള പാക്കേജിനായി സമ്മർദം ചെലത്തുകയാണ്.
ഈ പാക്കേജ് പ്രകാരം ടവർ സ്ഥാപിക്കുന്ന സ്ഥലത്തിന് ന്യായവിലയുടെ അഞ്ചിരട്ടിയുടെ 80 ശതമാനവും ലൈൻ കടന്നുപോകുന്ന പ്രദേശങ്ങളിൽ സ്ഥലത്തിന് ന്യായവിലയുടെ രണ്ടിരട്ടിയുടെ 15 ശതമാനവും 40 ശതമാനം എസ്‌ഗ്രേഷ്യയും വിള നഷ്ടത്തിന് സ്ഥിതിവിവരവകുപ്പിന്റെ വ്യവസ്ഥകൾ അനുസരിച്ചിട്ടുള്ള നഷ്ടപരിഹാരവുമാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്.
എട്ടു വർഷം മുൻപ് നടപ്പിലാക്കിയ പാക്കേജ് കലോചിതമായി പരിഷ്കരിച്ച് വിപണിവില അടിസ്ഥാനമാക്കിയുള്ള നഷ്ടപരിഹാരമാണ് ജനകീയ കർമസമതിയുടെ ആവശ്യം.
പ്രശ്‌ന പരിഹാരത്തിന് മന്ത്രി തലത്തിലും പ്രദേശിക തലത്തിലും യോഗങ്ങളും ചർച്ചകളുമൊക്കെ ഉണ്ടായെങ്കിലും പാക്കേജ് വൈകുന്നത് പദ്ധതി പ്രവർത്തനങ്ങളെ ആകെ താളം തെറ്റിക്കുകയാണ്.