അണിയലങ്ങൾ ഒരുങ്ങുന്നു തെയ്യപ്പെരുമയ്ക്കായി

പയ്യന്നൂർ : ഉത്തരമലബാറിൽ കളിയാട്ടക്കാലം അരികിലെത്തിയതോടെ അണിയറയിൽ അണിയലങ്ങൾ ഒരുങ്ങിത്തുടങ്ങി. കളിയാട്ടത്തിന് മുന്നോടിയായി ആടയാഭരണങ്ങൾ മിനുക്കിയെടുക്കുന്ന തിരക്കിലാണ് തെയ്യം കലാകാരൻമാർ. ഇടവപ്പാതിയോടെ സത്യപ്രമാണങ്ങൾ ചൊല്ലി അരങ്ങൊഴിഞ്ഞ തെയ്യങ്ങൾ വീണ്ടും ചിലമ്പണിയുന്നത് തുലാമാസാരംഭത്തിലാണ്.
തുലാം ഒന്നിന് കാവുകൾ തെയ്യത്തെ വരവേല്ക്കാൻ ഒരുങ്ങും. തുലാം പത്തോടെ തെയ്യക്കാലം ആരംഭിക്കും. ദേവതകളുടെ പുരാസങ്കല്പമനുസരിച്ച് അതി സൂക്ഷ്മതയോടെയാണ് അണിയലങ്ങൾ ഒരുക്കിയെടുക്കുന്നത്. ഓരോ തെയ്യത്തിനും ചമയങ്ങൾ ഏറെ പ്രധാനമാണ്.
ആചാരനിഷ്ഠയോടും വ്രതശുദ്ധിയോടുമാണ് തെയ്യം കലാകാരൻമാർ ചമയങ്ങൾ ഒരുക്കുന്നത്. വലിയ മുടി, വട്ടമുടി, പീലിമുടി, തിരുമുടി, തൊപ്പിച്ചമയം, പൂക്കട്ടിമുടി തുടങ്ങിയവ മുരിക്ക്, കൂവൽ പോലുള്ള കനം കുറഞ്ഞ മരങ്ങൾകൊണ്ടാണ് രൂപപ്പെടുത്തുന്നത്.
കവുങ്ങിന്റെ അലക്, ഓടമുള, വെള്ളി, ഓട് എന്നിവകൊണ്ട് നിർമിച്ച ചെറുമിന്നികൾ, ചന്ദ്രക്കലകൾ, മയിൽപ്പീലി, വ്യത്യസ്ത പൂക്കൾ, കുരുത്തോല എന്നിവയും മുടിനിർമാണത്തിന് ഉപയോഗിക്കുന്നുണ്ട്. തെയ്യത്തിന്റെ ഓലച്ചമയങ്ങൾ കളിയാട്ടസ്ഥലങ്ങളിൽ ഓരോ തെയ്യമനുസരിച്ചാണ് നിർമിക്കുന്നത്.
തെയ്യങ്ങളുടെ അര ചമയങ്ങളും അലങ്കാരങ്ങളും വ്യത്യസ്തമായിരിക്കും. പൂക്കട്ടിമുടിയുള്ള തെയ്യങ്ങൾക്ക് ചിറകുടുപ്പും രക്തചാമുണ്ഡി, പുതിയ ഭഗവതി തുടങ്ങിയ തെയ്യങ്ങൾക്ക് വെളുമ്പനും നാഗകന്യക, ക്ഷേത്രപാലൻ, മുച്ചിലോട്ട് ഭഗവതി തുടങ്ങിയ തെയ്യങ്ങൾക്ക് വിതാനത്തറ തുടങ്ങി വ്യത്യസ്ത ഉടുപ്പുകളാണ് തെയ്യം കലാകാരൻമാർ അതിസൂക്ഷ്മതയോടെ നെയ്തെടുക്കുന്നത്. ഏതെങ്കിലും വീട് കേന്ദ്രീകരിച്ച് ഒത്തുചേർന്നാണ് അണിയലങ്ങൾ ഒരുക്കുന്നത്.
വൈദഗ്ധ്യം നേടിയ കലാകാരൻമാരണ് അണിയലം തയ്യാറാക്കുന്നതിന് നേതൃത്വം നല്കുന്നത്. ഉത്തരമലബാറിൽ പത്താമുദയത്തോടെയാണ് തെയ്യക്കാലം ആരംഭിക്കുന്നതെങ്കിലും പയ്യന്നൂർ തെക്കെ മമ്പലത്തെ തെക്കടവൻ തറവാട്ടിൽ തുലാം ഒന്നിന് പുത്തരി കളിയാട്ടത്തിന്റെ ഭാഗമായി കുണ്ടോറ ചാമുണ്ഡി കെട്ടിയാടും.