അടയ്ക്കാത്തോട് റോഡിലെ കുഴികൾ ഡ്രൈവർമാർ നികത്തി

കേളകം : നിരവധി തവണ പരാതി പറഞ്ഞിട്ടും ഒരു നടപടിയും ഉണ്ടാകാതെ വന്നതോടെ സഹികെട്ട് നാട്ടുകാരായ ഡ്രൈവർമാർ ചേർന്ന് കേളകം-അടയ്ക്കാത്തോട് റോഡിലെ കുഴികൾ മണ്ണിട്ടുനികത്തി.
കേളകത്തെ ഐറിസ് ഓട്ടോ, ഗുഡ്‌സ് ഓട്ടോ ഡ്രൈവർമാരാണ് കേളകം മുതൽ ഇരുട്ടുമുക്ക് വരെയുള്ള ഭാഗത്തെ കുഴികൾ ചെങ്കല്ലും മണ്ണുമിട്ട് നികത്തിയത്. കേളകം-അടയ്ക്കത്തോട് റോഡ് നവീകരണത്തിന് നേരത്തേ തുക അനുവദിച്ചതാണ്. എന്നാൽ, വാട്ടർ അതോറിറ്റിയും പി.ഡബ്ല്യൂ.ഡി.യും തമ്മിലുള്ള തർക്കത്തിൽ റോഡിന്റെ അറ്റകുറ്റപ്പണി മുടങ്ങി.
റോഡിലൂടെ കടന്നുപോകാൻ പോലും പറ്റാത്ത സ്ഥിതിയായി. മഴ പെയ്താൽ, റോഡിലെ കുഴികളിൽ വെള്ളം നിറയും, കനത്ത വെയിലാണെങ്കിൽ രൂക്ഷമായ പൊടിയും. ദിവസേന നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്.
കുഴിയിൽ വീണ് നിരവധി ഇരുചക്രവാഹനയാത്രക്കാർക്ക് പരുക്കും പറ്റി. ജനങ്ങൾ ദുരിതത്തിലായിട്ടും ഒരു നടപടിയും ഇല്ലാതെ വന്നതോടെയാണ് ഡ്രൈവർമാർ ചേർന്ന് കുഴികൾ അടച്ചത്.
റോഡിലെ കുഴികൾ മൂലം ദിവസേന കിട്ടുന്നതിലും അധികം തുക വർക്ക്‌ഷോപ്പിൽ കൊടുക്കേണ്ട സ്ഥിതിയാണെന്ന് ഡ്രൈവർമാർ പറഞ്ഞു.