വെള്ളം ചുമന്ന് കുന്നിറങ്ങി പെണ്‍കുട്ടികള്‍, സങ്കടച്ചിത്രം വൈറലായി; യുവാക്കളൊന്നിച്ചു,കുടിവെള്ളമെത്തി

കുറ്റ്യാടി: വ്യാഴാഴ്ച രാവിലെ ഊരത്തെ പ്രാദേശിക വാട്സാപ്പ് ഗ്രൂപ്പുകളിൽ ഒരു സങ്കടച്ചിത്രം പെട്ടെന്നാണ് വ്യാപകമായി പ്രചരിച്ചത്. പതിനഞ്ചുവയസ്സിനുതാഴെയുള്ള മൂന്ന് പെൺകുട്ടികൾ തലച്ചുമടായി പ്രയാസപ്പെട്ട് കുടിവെള്ളവുമായി കുന്നിറങ്ങി വരുന്ന ചിത്രമായിരുന്നു അത്. ഊരത്തുകാരാണ് കുട്ടികളെന്ന് മനസ്സിലായതോടെ അവരുടെ നൊമ്പരം നാട്ടുകാരുടേതുകൂടിയാകാൻ അധികനേരം വേണ്ടിവന്നില്ല. കുട്ടികളുടെ വീട്ടിൽ കിണറില്ല. ഏഴുദിവസത്തോളമായി പൈപ്പ് വെളളമെത്തിയിട്ടും. അതുകൊണ്ട് സുഖമില്ലാത്ത അമ്മയെ സഹായിക്കാൻ 300 മീറ്ററോളം ദൂരെയുള്ള വീട്ടിൽനിന്ന് വെള്ളം ചുമന്നുകൊണ്ടുവരുകയായിരുന്നു പെൺകുട്ടികൾ.
കുരുന്നുമക്കളുടെ പ്രയാസം പരിഹരിക്കാനായി ഒരുസംഘം യുവാക്കൾ മുന്നിട്ടിറങ്ങി. പ്രദേശിക രാഷ്ട്രീയനേതാക്കളും പൊതുപ്രവർത്തകരും വാർഡംഗം സബിന മോഹനും അവർക്ക് പിന്തുണയേകി. മൂന്നുകുടുംബങ്ങൾക്ക് തന്റെ വീട്ടിലെ കിണറ്റിൽനിന്ന് വെള്ളം നൽകിയിരുന്ന നടുക്കണ്ടി ലാലു ഈ കുട്ടികളുടെ വീട്ടിലേക്കും വെള്ളം നൽകാമെന്ന് സമ്മതിച്ചു. വീട്ടിലേക്ക് വെള്ളമെത്തിക്കാനുള്ള മോട്ടോറും പൈപ്പും അനുബന്ധജോലികളും യുവാക്കളുടെ മുൻകൈയോടെ ഒരുക്കി. രാവിലെ ദാഹജലം തലയിലേറ്റിവന്ന കുട്ടികൾ വൈകുന്നേരം സ്കൂൾവിട്ട് വീട്ടിലെത്തിയപ്പോൾ കണ്ട കാഴ്ച ജലസമൃദ്ധിയുടെതാണ്.
പി.സി. ഇന്ദ്രജിത്ത്, പ്രമോദ് കുന്നുമ്മൽ, പി.കെ. സുരേഷ്, പി.കെ. അനീഷ്, ഉണ്ണി ഒമേഗ എന്നിവരുൾപ്പെടുന്ന ഒരുകൂട്ടം ചെറുപ്പക്കാരാണ് നാടിന്റെ നന്മനിറഞ്ഞ ഈ സന്തോഷക്കാഴ്ചയ്ക്ക് അവസരമൊരുക്കിയത്.