ട്രാഫിക്‌ നിയമലംഘനങ്ങൾ കണ്ടാൽ “ശുഭയാത്ര” യിലേക്ക്‌ ഫോട്ടോയും വീഡിയോയും അയക്കാം

Share our post

തിരുവനന്തപുരം : ട്രാഫിക് നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ കേരള പൊലീസിന്റെ “ശുഭയാത്ര” വാട്‌സാപ്പ് നമ്പറിലേയ്ക്ക് ഫോട്ടോയും വീഡിയോയും സഹിതം മെസ്സേജ് അയക്കാം. ‘ഇത്തിരി നേരം ഒത്തിരികാര്യ’ത്തിലൂടെ കേരള പൊലീസ് പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി വിഡിയോയും പങ്കുവെച്ചിട്ടുണ്ട്. വിലപ്പെട്ട ഒരു സന്ദേശം അപകടങ്ങൾ ഒഴിവാക്കിയേക്കാം. അതിലൂടെ നിരവധി ജീവനുകൾ സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പാണ് എന്നാണ് പൊലീസ് കുറിപ്പിലൂടെ വ്യക്തമാക്കുന്നത്. സംഭവം നടന്ന സ്ഥലം, സമയം, തീയതി, പൊലീസ് സ്റ്റേഷൻ പരിധി, ജില്ല എന്നിവ കൂടി സന്ദേശത്തിൽ ഉൾപ്പെടുത്തണമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

കേരള പൊലീസിന്റെ പോസ്റ്റിന്റെ പൂർണരൂപം

കേരളത്തിൽ ഏകദേശം ഒന്നരക്കോടി വാഹനങ്ങളുണ്ടെന്നാണ് കണക്ക്. ഇത്രയും വാഹനങ്ങൾ സഞ്ചരിക്കുന്ന നിരത്തുകളിൽ അപകടങ്ങൾ ഒഴിവാക്കാനും റോഡ് സുരക്ഷ ഉറപ്പുവരുത്താനും കൃത്യമായ ഇടപെടലാണ് പോലീസ് നടത്തിവരുന്നത്. എന്നാൽ, നിരത്തുകളിലെ നിയമലംഘകരെ കണ്ടെത്താനും അവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനും പോലീസിന് പൊതുജനങ്ങളുടെ സഹകരണം അനിവാര്യമാണ്. ട്രാഫിക് നിയമലംഘനങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാൽ കേരള പോലീസിന്റെ “ശുഭയാത്ര” വാട്സാപ്പ് നമ്പറിലേയ്ക്ക് നിങ്ങൾക്ക് ഫോട്ടോയും വീഡിയോയും സഹിതം മെസ്സേജ് അയക്കാം. നിങ്ങളുടെ വിലപ്പെട്ട ഒരു സന്ദേശം അപകടങ്ങൾ ഒഴിവാക്കിയേക്കാം. അതിലൂടെ നിരവധി ജീവനുകൾ സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പാണ്.

നിങ്ങളുടെ സന്ദേശങ്ങൾ ടെക്സ്റ്റ് ആയോ വീഡിയോ ആയോ അയയ്ക്കാം. സംഭവം നടന്ന സ്ഥലം, സമയം, തീയതി, പൊലീസ് സ്റ്റേഷൻ പരിധി, ജില്ല എന്നിവ കൂടി സന്ദേശത്തിൽ ഉൾപ്പെടുത്തണം. ഇവ വാട്‌സാപ്പ് ആയി അയയ്ക്കേണ്ടത് 9747001099 എന്ന നമ്പറിലേയ്ക്കാണ്. ഈ സന്ദേശങ്ങളുടെ പ്രാഥമിക പരിശോധനയ്ക്കുശേഷം ഇവ എല്ലാ ജില്ലകളിലെയും ട്രാഫിക് നോഡൽ ഓഫീസർക്ക് കൈമാറും. അദ്ദേഹം അത് ബന്ധപ്പെട്ട പോലീസ് സ്റ്റേഷനുകളിലേക്ക് നൽകുകയും കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കുകയും ചെയ്യും. സ്വീകരിച്ച നടപടികൾ വിവരം നൽകിയ ആളെ അറിയിക്കാനും സംവിധാനമുണ്ട്. ഇത്തരം സന്ദേശങ്ങൾ നൽകുന്നയാളുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!