എട്ടിക്കുളം ബീച്ചിന് ഇനി പുതിയ മുഖം

പയ്യന്നൂർ: നിരവധി വിനോദ സഞ്ചാരികളെത്തുന്ന രാമന്തളി പഞ്ചായത്തിലെ എട്ടിക്കുളം ബീച്ച് സൗന്ദര്യവത്കരിക്കുന്നതിന് നടപടിയുണ്ടാവുമെന്ന് ടി.ഐ. മധുസൂദനൻ എം.എൽ.എ അറിയിച്ചു. പയ്യന്നൂർ മണ്ഡലത്തിലെ രാമന്തളി പഞ്ചായത്തിൽ വരുന്ന എട്ടിക്കുളം ബീച്ച് സൗന്ദര്യവത്കരിക്കുന്നതിനുള്ള പദ്ധതിയാണ് നടപ്പിലാക്കുന്നത്.
വാക്ക് വേ, പാർക്കിങ്, ശുചിമുറി, കിയോസ്ക്, ലൈറ്റിങ് എന്നിവ പദ്ധതിയിൽ ഉൾപ്പെടുത്തും. ഹാർബർ എൻജിനീയറിങ് വകുപ്പ് മുഖേനെയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ സാധ്യത പരിശോധിക്കുന്നതിന് എം.എൽ.എയുടെ നേതൃത്വത്തിൽ ബീച്ച് സന്ദർശിച്ചു.
രാമന്തളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഗോവിന്ദൻ, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എ.വി. സുനിത, വാർഡ് മെംബർ അസീസ്, ഹാർബർ എൻജിനീയറിങ് വിഭാഗം സൂപ്രണ്ടിങ്, കണ്ണൂർ എക്സിക്യുട്ടിവ് എൻജിനിയർ മുഹമ്മദ് അഷറഫ്, അസിസ്റ്റൻറ് എക്സി. എൻജിനീയർ എൻ. വിനയൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.