ചായക്കൂട്ടുകളിൽ തെളിയുന്നു ശുചിത്വ സന്ദേശം

Share our post

തലശേരി : തെളിഞ്ഞ നീലാകാശത്തിന്‌ കീഴിൽ ചായക്കൂട്ടുകളുടെ മാസ്‌മരിക ഭംഗിയിൽ തലശേരി പുതിയ സ്‌റ്റാൻഡ്‌. ശുചിത്വ സന്ദേശം വരയിലൂടെ തെളിയുകയാണിവിടെ. കൊച്ചുകുഞ്ഞുങ്ങൾക്കുപോലും ഇത്തരം ചിത്രങ്ങൾ പകരുന്ന പാഠം മനസിലാക്കാനാകും. ബസ് സ്റ്റാൻഡിലൂടെ കടന്നുപോകുന്ന ഏതൊരാൾക്കും ഒരു നിമിഷം ഈ ചിത്രങ്ങൾ കണ്ണിലുടക്കും. അതിന്റെ മനോഹാരിതക്കൊപ്പം ശുചിത്വമെന്ന അവബോധവും മനസ്സിൽ വരച്ചിടും.  

പ്രകൃതിയെ നമ്മുടെ ഹൃദയത്തോട്‌ ചേർത്തുനിർത്തേണ്ടതിന്റെ ആവശ്യകത പറയുകയാണ്‌ സസ്യലതകൾക്കിടയിലെ ഹൃദയം. ചുറ്റുവട്ടം വൃത്തിയായി സൂക്ഷിക്കുമ്പോഴും നമ്മുടെ ജലസ്രോതസ്സുകൾ മലിനമാക്കപ്പെടുന്നുണ്ടെന്ന സത്യത്തിലേക്കും ഈ ചിത്രങ്ങൾ കാഴ്‌ചക്കാരെ നയിക്കും. വളരെ ലളിതമായി മാലിന്യംകൊണ്ടിടാനുള്ള നിർദേശചിത്രങ്ങളും വരച്ചിട്ടുണ്ട്‌. ഇന്ത്യൻ സ്വച്ഛതാ ലീഗിന്റെ ഭാഗമായി നഗരസഭയ്‌ക്കുവേണ്ടിയാണ്‌ ഒരുകൂട്ടം കലാകാരന്മാർ തലശേരി പുതിയസ്‌റ്റാൻഡ്‌ പരിസരത്ത്‌ ആൽത്തറയിൽ വരകളാൽ വർണ വസന്തം തീർത്തത്. വരയുടെ വർണലോകമെന്ന വാട്സാപ് കൂട്ടായ്മയിലെ കലാകാരന്മാരാണ് സൗജന്യമായി ചിത്രങ്ങൾ വരച്ചത്.

നാല്‌ വർഷമായി കലാരംഗത്ത് പ്രവർത്തിക്കുന്ന പരപ്പനങ്ങാടി സ്വദേശി കെ.പി. രബിത്ത്, ഇവന്റ് മാനേജ്മെന്റിന്റെ ഭാഗമായ മലപ്പുറം സ്വദേശി എം.ആർ. നിഖിൽ, കോടിയേരി സ്വദേശി സൗരാഗ് കൃഷ്ണ, കോളേജ്‌ വിദ്യാർഥികളായ യു. സ്വാതി, പൊന്ന്യത്തെ പി.കെ. അനഘ, സഹോദരി പി.കെ. ദീപിക എന്നിവർ ചേർന്നാണ് നഗരഹൃദയത്തിൽ ശുചിത്വ സന്ദേശ ചുവർചിത്രങ്ങൾ ഒരുക്കിയത്. സ്കൂളുകളിലും ആശുപത്രികളിലും മറ്റ് പൊതുസ്ഥലങ്ങളിലും ചിത്രങ്ങൾ വരയ്ക്കാൻ താൽപ്പര്യമുണ്ടെന്നും കേരളത്തിലുടനീളം ഇത്തരം സേവനപ്രവർത്തനങ്ങൾ തുടരുകയാണ്‌ വരയുടെ വർണലോകം കൂട്ടായ്മയുടെ ലക്ഷ്യമെന്നും ഇവർ പറയുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!