വന്ദേഭാരത് സ്ലീപ്പർ കോച്ചുകൾ അടുത്തവർഷം ആദ്യം; പ്രൗഢമായ അകത്തളം

Share our post

ന്യൂഡല്‍ഹി: മറ്റു ട്രെയിനുകളേക്കാള്‍ സൗകര്യപ്രദമായ സീറ്റുകളും സുഖസൗകര്യങ്ങളും വേഗതയുമൊക്കെയാണ് വന്ദേഭാരത് എക്‌സ്പ്രസ്സുകളെ യാത്രികര്‍ക്ക് പ്രിയങ്കരമാക്കുന്നത്. എന്നാല്‍ അടുത്തവര്‍ഷം ട്രാക്കുകളില്‍ എത്താനിരിക്കുന്ന വന്ദേഭാരത് തീവണ്ടികള്‍ അതുക്കും മേലെയായിരിക്കുമെന്നാണ് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് നല്‍കുന്ന സൂചന.

അടുത്തവര്‍ഷം പുറത്തിറങ്ങാനിരിക്കുന്ന വന്ദേഭാരത് ട്രെയിനുകളുടെ സ്ലീപ്പര്‍ കോച്ചുകളുടെ ചിത്രങ്ങള്‍ അശ്വിനി വൈഷ്ണവ് ചൊവ്വാഴ്ച എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ പുറത്തുവിട്ടു. വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ 2024 ആദ്യം പുറത്തിറങ്ങുമെന്ന കുറിപ്പിനൊപ്പമാണ് അദ്ദേഹം ചിത്രം പങ്കുവെച്ചത്.

കാഴ്ചയില്‍ അതി ഗംഭീരവും പ്രൗഢവുമായ രൂപകല്‍പനയാണ് വന്ദേഭാരത് സ്ലീപ്പര്‍ കോച്ചുകളുടേത്. വീതിയേറിയ ബര്‍ത്തുകള്‍, കൂടുതല്‍ വൃത്തിയും വെളിച്ചവുമുള്ള അകത്തളം, യാത്രക്കാരുടെ സൗകര്യം പരിഗണിച്ചുള്ള ഗംഭീരമായ രൂപകല്‍പന, കൂടുതല്‍ വലിപ്പമുള്ള ടോയ്‌ലറ്റുകള്‍, ഓരോ യാത്രികര്‍ക്കും പ്രത്യേകം ചാര്‍ജിങ് സൗകര്യങ്ങള്‍ തുടങ്ങിയവയൊക്കെ പുതിയ കോച്ചുകളുടെ സവിശേഷതകളാണ്.

ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയിലാണ് ഈ കോച്ചുകളും നിര്‍മിക്കുന്നത്. 16 കോച്ചുകളുള്ള ട്രെയിന്‍ പൂര്‍ണമായും എസി ആയിരിക്കും. 11 ത്രീ-ടയര്‍, നാല് ടു-ടയര്‍, ഒരു ഫസ്റ്റ് ക്ലാസ് എന്നിങ്ങനെയായിരിക്കും കോച്ചുകള്‍ ഉണ്ടാകുക. നിലവില്‍ വന്ദേഭാരത് ട്രെയിനുകളില്‍ ഉള്ള മറ്റു സൗകര്യങ്ങളെല്ലാം സ്ലീപ്പര്‍ കോച്ചുകളിലും ലഭ്യമായിരിക്കും. കോച്ചുകളുടെ നിര്‍മാണം 2024 മാര്‍ച്ചിന് മുന്‍പായി പൂര്‍ത്തീകരിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!