മദ്രസാ പാഠപുസ്തകത്തില്‍ റോഡ് സുരക്ഷ ബോധവത്കരണം; അഭിനന്ദിച്ച് മോട്ടോര്‍വാഹന വകുപ്പ്

പരപ്പനങ്ങാടി: റോഡിലെ കരുതലിന്റെ ബാലപാഠങ്ങള്‍ കുരുന്നുമനസ്സുകളിലേക്ക് പകര്‍ന്നുനല്‍കുന്ന മദ്രസാ പാഠപുസ്തകത്തിന് മോട്ടോര്‍വാഹന വകുപ്പിന്റെ അനുമോദനം. കോഴിക്കോട് മര്‍കസുദ്ദഅവ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഫോര്‍ ഇസ്ലാമിക് എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (സി.ഐ.ഇ.ആര്‍.) പുറത്തിറക്കുന്ന പാഠപുസ്തകങ്ങളിലാണ് ഇവ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കുട്ടികളുടെ റോഡ് സുരക്ഷാ പഠനം നേരിട്ട് കാണുന്നതിനും സി.ഐ.ഇ.ആറിനെ മോട്ടോര്‍വാഹന വകുപ്പിന്റെ അനുമോദനമറിയിക്കുന്നതിനുമായി പരപ്പനങ്ങാടി സോഫ്റ്റ് അക്കാദമി കാമ്പസിലുള്ള മദ്രസത്തുല്‍ ഇസ്ലാഹിയ്യയില്‍ മലപ്പുറം എന്‍ഫോഴ്‌സ്മെന്റ് മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്പെക്ടര്‍ എം.കെ. പ്രമോദ് ശങ്കര്‍ എത്തി. അക്കാദമിക് കണ്‍വീനര്‍ റഷീദ് പരപ്പനങ്ങാടിയെ അദ്ദേഹം തങ്ങളുടെ അഭിനന്ദനവും പിന്തുണയും അറിയിച്ചു.
സി.ഐ.ഇ.ആര്‍ പാഠ്യപദ്ധതിക്ക് അനുമോദനവും പിന്തുണയും അറിയിച്ചെത്തിയ മലപ്പുറം എന്‍ഫോഴ്‌സ്മെന്റ് എം.വി.ഐ. പ്രമോദ് ശങ്കറിന്റെ നേതൃത്വത്തിലുള്ള മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ കണ്‍വീനര്‍ റഷീദ് പരപ്പനങ്ങാടിയുമായി ചര്‍ച്ചനടത്തുന്നു.
എ.എം.വി.ഐ. ഷബീര്‍ പാക്കാടന്‍, ഗഫൂര്‍ കരുമ്പില്‍, പരപ്പനങ്ങാടി എജ്യുക്കേഷണല്‍ കോംപ്ലക്‌സ് ആന്‍ഡ് ചാരിറ്റി സെന്റര്‍ ജനറല്‍ സെക്രട്ടറി ഇ.ഒ. അബ്ദുല്‍ഹമീദ്, അഡ്മിനിസ്‌ട്രേറ്റര്‍ മന്‍സൂര്‍ അലി ചെമ്മാട്, മദ്രസത്തുല്‍ ഇസ്ലാഹിയ്യ സദര്‍ ഇ.ഒ. അബ്ദുന്നാസര്‍, പി. ഫിറോസ് തുടങ്ങിയവര്‍ പങ്കെടുത്തു. ആറ്, എട്ട് ക്ലാസുകളിലെ പാഠപുസ്തകങ്ങളിലാണ് റോഡിലെ മര്യാദകളും നിയമസാക്ഷരതയും അവ പാലിക്കുന്നതിന്റെ പ്രാധാന്യവും ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ആറാംക്ലാസില്‍ 2008 മുതലും എട്ടാംക്ലാസില്‍ 2016 മുതലുമാണ് ഇവ പഠിപ്പിക്കുന്നത്. പദ്യരൂപത്തിലും സൂചനാരൂപത്തിലും അഭ്യാസരൂപത്തിലുമെല്ലാം റോഡ് നിയമങ്ങളും മര്യാദകളും വളരെ ശാസ്ത്രീയമായും വിശദമായും പഠിപ്പിക്കുന്നുണ്ട്. 2003 മുതലാണ് കെ.എന്‍.എം മര്‍കസുദ്ദഅവയ്ക്കു കീഴില്‍ സി.ഐ.ഇ.ആര്‍. പ്രവര്‍ത്തനമാരംഭിച്ചത്. സംസ്ഥാനത്തും വിദേശത്തുമായി നിരവധി മദ്രസകളും സ്‌കൂളുകളും ഈ പാഠ്യപദ്ധതിയനുസരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.