മട്ടന്നൂരിൽ വാഹനാപകടത്തിൽ മൂന്നു വയസ്സുകാരൻ മരിച്ചു

മട്ടന്നൂർ: ചാവശ്ശേരിപ്പറമ്പിൽ പിക്കപ്പ് വാനും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടറിലുണ്ടായിരുന്ന മൂന്നുവയസ്സുകാരൻ മരിച്ചു. ചാവശ്ശേരിപ്പറമ്പിലെ ഐസിൻ ആദമാണ് മരിച്ചത്. സ്‌കൂട്ടർ ഓടിച്ചിരുന്ന മാതാവ് പി.കെ.മുബഷീറയെ (23) ഗുരുതര നിലയിൽ കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നോടെയാണ് അപകടം.
ചാവശ്ശേരിപ്പറമ്പിൽ നിന്ന് പത്തൊൻപതാംമൈലിലേക്ക് പോകുന്ന സ്‌കൂട്ടറും എതിരെ വന്ന പിക്കപ്പ് വാനും കൂട്ടിയിടിക്കുകയായിരുന്നു. മുബഷീറയെയും ഐസിനെയും മട്ടന്നൂരിലെ ആസ്പത്രിയിലും പിന്നീട് കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിലും പ്രവേശിപ്പിച്ചെങ്കിലും കുട്ടി മരിച്ചു.
മുബഷീറയുടെ സഹോദരിയുൾപ്പടെയുള്ള ബന്ധുക്കൾ മറ്റൊരു വാഹനത്തിൽ മുന്നിലായി പത്തൊൻപതാംമൈലിലേക്ക് പോകുന്നുണ്ടായിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ജില്ലാ ആസ്പത്രിയിലേക്ക് മാറ്റി.