വസ്ത്രധാരണം ജനാധിപത്യ അവകാശമാണ്’; തട്ടം പരാമർശത്തിൽ അനിൽകുമാറിനെ തള്ളി എം.വി ഗോവിന്ദൻ

Share our post

തിരുവനന്തപുരം: തട്ടം പരാമർശം അഡ്വ. കെ. അനിൽകുമാറിനെ തള്ളി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദൻ. പരാമർശം പാർട്ടി നിലപാടല്ല. വസ്ത്രധാരണം ജനാധിപത്യ അവകാശമാണ്. കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു എം.വി ഗോവിന്ദൻ.

ഹിജാബ് വിഷയത്തിൽ പാർട്ടി നിലപാട് വ്യക്തമാക്കിയതാണ്. വസ്ത്രധാരണം വ്യക്തിസ്വാതന്ത്ര്യവും ജനാധിപത്യാവകാശവുമാണ്. അതിൽ കടന്നുകയറുന്ന നിലപാട് ആരും സ്വീകരിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.

എസ്സെൻസ് ഗ്ലോബൽ പരിപാടിയിൽ സി.പി.ഐ.എം സംസ്ഥാന സമിതി അംഗം കെ. അനിൽകുമാർ സംസാരിച്ചപ്പോൾ ഒരു ഭാഗത്ത് മുസ്‌ലിം സ്ത്രീകളുടെ തട്ടത്തെക്കുറിച്ചുള്ള പ്രശ്‌നവും ഉന്നയിച്ചിരുന്നു. രാജ്യത്ത് ഹിജാബ് വിഷയം ഉയർന്നുവന്ന സമയത്ത് കോടതിയുടെ പ്രശ്‌നമായി മാറ്റുന്നതിനോട് പാർട്ടിക്കു യോജിപ്പുണ്ടായിരുന്നില്ല.

വസ്ത്രധാരണം ഓരോ മനുഷ്യന്റെയും ജനാധിപത്യാവകാശമാണ്. ആ അവകാശം ഭരണഘടന ഉറപ്പുനൽകുകയും ചെയ്യുന്നുണ്ട്. ഹിജാബ് പ്രശ്‌നത്തിൽ പാർട്ടിയുടെ നിലപാട് അഖിലേന്ത്യ-സംസ്ഥാന നേതൃത്വങ്ങൾ വ്യക്തമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി

വ്യക്തികളുടെ വസ്ത്രധാരണത്തെക്കുറിച്ച് നിർദേശം നൽകാനും വിമർശനങ്ങൾ ചൂണ്ടിക്കാട്ടാനും പാർട്ടി ആഗ്രഹിക്കുന്നില്ല. അതു വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. അനിൽകുമാറിന്റെ പരാമർശം പാർട്ടിയുടെ നിലപാടിൽനിന്നു വ്യത്യസ്തമാണ്.

ഇത്തരത്തിലുള്ള ഒരു പരമാർശം പാർട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതില്ലെന്ന് ഔദ്യോഗികമായി വ്യക്തമാക്കിയിട്ടുണ്ട്. വിവാദ പരാമർശം വേണ്ടിയിരുന്നില്ലെന്നും എം.വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

അതേസമയം തട്ടമിട്ട പെൺകുട്ടികൾ അത്ഭുതം സൃഷ്ടിക്കുകയാണെന്ന് മുസ് ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. തട്ടം ഭദ്രമായി നിലനിർത്തികൊണ്ടു തന്നെ ജീവിത മാർഗത്തിൽ സംസ്ഥാനത്തെയും രാജ്യത്തെയും നയിക്കാനുള്ള വലിയ പങ്ക് അവർ നിർവഹിക്കുകയാണ്.

ഈ സാഹചര്യത്തിലാണ് ചിലർ അവരുടേതായ നയങ്ങൾ പ്രഖ്യാപിക്കുന്നതെന്നും പി.എം.എ സലാം കുറ്റപ്പെടുത്തി.മലപ്പുറത്ത് തട്ടം വേണ്ടെന്ന് പറയുന്ന പെൺകുട്ടികളുണ്ടായത് കമ്യൂണിസ്റ്റ് പാർട്ടിയുടെ നേട്ടമാണെന്നാണ് സി.പി.ഐ.എം സംസ്ഥാന സമിതിയംഗം കെ. അനിൽകുമാറിന്‍റെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!