ബാങ്ക് അക്കൗണ്ടിൽ നിന്ന് 19 ലക്ഷം രൂപ തട്ടിയ കേസ് : അന്വേഷണം അസമിലേക്ക്

കോഴിക്കോട് : കോഴിക്കോട് വീട്ടമ്മയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 19 ലക്ഷം രൂപ തട്ടിയ കേസിൽ അന്വേഷണം അസമിലേക്ക്. മീഞ്ചന്ത സ്വദേശി പി.കെ. ഫാത്തിമബിയുടെ അക്കൗണ്ടിൽ നിന്നുമാണ് പണം തട്ടിയെടുത്തത് .
ഫാത്തിമ ബി വർഷങ്ങൾക്ക് മുമ്പ് ഉപേക്ഷിച്ച മൊബൈൽ നമ്പർ ഇപ്പോൾ ഉപയോഗിക്കുന്ന അസം സ്വദേശിയാണ് തട്ടിപ്പിന് പിന്നിലെന്ന് വ്യക്തമായി.500 രൂപ മുതൽ ഒരുലക്ഷം വരെ എന്ന തോതിൽ ജൂലൈ, ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലായാണ് അക്കൗണ്ടിലെ 19 ലക്ഷം പ്രതി പിൻവലിച്ചത്.
ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്ത മൊബൈൽ നമ്പർ വീട്ടമ്മ ആറുവർഷം മുമ്പ് ഉപേക്ഷിച്ചെങ്കിലും ഇത് ബാങ്കിന്റെ രേഖകളിൽ നിന്ന് ഒഴിവാക്കിയിരുന്നില്ല. ഇതാണ് ലക്ഷക്കണക്കിന് രൂപ അപഹരിക്കുന്നതിന് പ്രതിക്ക് അവസരമായത് എന്നാണ് നിഗമനം.
വീട്ടമ്മയുടെ അക്കൗണ്ടിലെ പണം യു.പി.ഐ വഴി ഒരു അക്കൗണ്ടിലേക്കാണ് പോയതെന്നും പണം പിൻവലിച്ചയാളുടെ യു.പി.ഐ അക്കൗണ്ടിലും വീട്ടമ്മയുടെ പഴയ മൊബൈൽ നമ്പർതന്നെയാണുള്ളതെന്നും ഇതിനകം കണ്ടെത്തിയിരുന്നു.