അറുമുഖന്‍ വെങ്കിടങ്ങ് അന്തരിച്ചു; വിടവാങ്ങിയത് കലാഭവന്‍ മണിയുടെ ജനപ്രിയ നാടന്‍ പാട്ടുകളുടെ രചയിതാവ്

തൃശ്ശൂര്‍: നാടന്‍പാട്ട് രചയിതാവ് അറുമുഖന്‍ വെങ്കിടങ്ങ് (65) അന്തരിച്ചു. നാടന്‍പാട്ടുകളുടെ മുടിചൂടാമന്നന്‍ എന്നായിരുന്നു അറുമുഖന്‍ അറിയപ്പെട്ടിരുന്നത്. 350-ഓളം നാടന്‍പാട്ടുകളാണ് ഇദ്ദേഹത്തിന്റെ തൂലികയില്‍ നിന്നും ഉടലെടുത്തിട്ടുള്ളത്.
കലാഭവന്‍ മണിയെ ഇത്രയധികം ജനപ്രിയമാക്കുന്നതിനും കാരണം ഇദ്ദേഹത്തിന്റെ നാടന്‍ പാട്ടുകള്‍ തന്നെയായിരുന്നു. ‘മിന്നാമിനുങ്ങേ മിന്നും മിനുങ്ങേ’, ‘ചാലക്കുടി ചന്തക്കു പോകുമ്പോള്‍’, ‘പകലു മുഴുവന്‍ പണിയെടുത്ത്’ , ‘വരിക്കചക്കേടെ’ എന്നിവയെല്ലാം ഇദ്ദേഹത്തിന്റെ പാട്ടുകളാണ്.
സിനിമയ്ക്ക് വേണ്ടിയും അറുമുഖന്‍ പാട്ടുകള്‍ എഴുതിയിട്ടുണ്ട്. 1998 ല്‍ പുറത്തിറങ്ങിയ മീനാക്ഷി കല്യാണം എന്ന ചിത്രത്തിലെ ‘കൊടുങ്ങല്ലൂരമ്പലത്തില്‍’, മീശമാധവനിലെ ‘ എലവത്തൂര്‍ കായലിന്റെ’ എന്നീ ഗാനങ്ങള്‍ രചിച്ചത് ഇദ്ദേഹമായിരുന്നു.
ഉടയോന്‍, ദ ഗാര്‍ഡ്, സാവിത്രിയുടെ അരിഞ്ഞാണം, ചന്ദ്രോത്സവം, രക്ഷകന്‍ എന്ന ചിത്രങ്ങളിലെ ഗാനങ്ങള്‍ക്കും വരികളെഴുതി. കൂടാതെ ധാരാളം ആല്‍ബങ്ങളും ഭക്തിഗാനങ്ങളും ഇദ്ദേഹം രചിച്ചു.
ഭാര്യ: അമ്മിണി. മക്കള്‍: സിനി, സിജു, ഷൈനി, ഷൈന്‍, ഷിനോയ്, കണ്ണന്‍ പാലാഴി. മരുമക്കള്‍: വിജയന്‍, ഷിമ, ഷാജി സംസ്‌കാരം ഇന്ന് (ചൊവ്വാഴ്ച്ച) വൈകീട്ട് മൂന്നിന് തൃശൂര്‍ മുല്ലശ്ശേരി പഞ്ചായത്ത് പൊതുശ്മശാനത്തില്‍.