12 വയസ്സില്‍ താഴെയുള്ള കുട്ടികളില്‍ അധികവും മൊബൈലില്‍ കണ്ണുംനട്ട്

നമ്മുടെ രാജ്യത്തെ കുട്ടികളില്‍ പകുതിയും മൊബൈലില്‍ കണ്ണുംനട്ടിരിക്കുകയാണെന്ന് പഠന റിപ്പോര്‍ട്ട്. 12 വയസ്സില്‍ താഴെയുള്ള കുട്ടികളില്‍ 42 ശതമാനവും ദിവസേന നാല് മണിക്കൂറിലേറെ മൊബൈല്‍, ലാപ്‌ടോപ് സ്‌ക്രീനുകളിലാണ് ചെലവിടുന്നത്. 12ന് മുകളില്‍ പ്രായമുള്ള കുട്ടികളില്‍ പകുതിയും ഈ ഗണത്തിലാണ്.
12 വയസ്സായ കുട്ടികളില്‍ മൂന്നിലൊന്ന് പേര്‍ക്കും സ്വന്തമായി സ്മാര്‍ട്ട് ഫോണോ ടാബ്ലറ്റോ ഉണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കുട്ടികള്‍ മൊബൈല്‍ അടിമകളാകാതെ നിയന്ത്രിക്കാൻ രക്ഷിതാക്കളെ സഹായിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന ‘ഹാപ്പിനെറ്റ്‌സ്’ നടത്തിയ സര്‍വേയിലാണ് ഇക്കാര്യം കണ്ടെത്തിയത്. 1,500 രക്ഷിതാക്കള്‍ക്കിടയിലാണ് ഹാപ്പിനെറ്റ്‌സ് സര്‍വേ നടന്നത്.
മൊബൈല്‍ സ്‌ക്രീനുകള്‍ക്ക് മുന്നില്‍നിന്ന് കുട്ടികളെ മാറ്റുന്നതും അനുചിതമായ ഉള്ളടക്കം അവര്‍ കാണാതിരിക്കുന്നതും രക്ഷിതാക്കളുടെ വലിയ വെല്ലുവിളിയായി മാറിയിരിക്കുന്നുവെന്ന് സര്‍വേ ചൂണ്ടിക്കാട്ടി. ഓണ്‍ലൈൻ ഇടങ്ങളിലേക്ക് ഒരു നിയന്ത്രണവുമില്ലാതെ അവര്‍ കടന്നെത്തുന്നു. യു-ട്യൂബ് തുടങ്ങിയവയുടെ ലോകത്ത് മുങ്ങിക്കിടക്കുന്നവരാണ് അവരില്‍ 74 ശതമാനം.
61 ശതമാനവും ഗെയിമുകളില്‍ മുഴുകുന്നു. മൊബൈല്‍ പ്രധാന വിനോദ ഉപാധികളിലൊന്നായി മാറിയതിനാല്‍ സ്‌ക്രീനില്‍ കണ്ണുനട്ടിരിക്കുന്ന ദുഃസ്ഥിതി വര്‍ധിക്കുന്നു. അച്ചടക്ക-നിയന്ത്രണങ്ങള്‍ സുരക്ഷിതമല്ലാത്ത ഇന്റര്‍നെറ്റ് ഉപയോഗത്തിന് പരിഹാരമല്ലെന്നാണ് ഹാപ്പിനെറ്റ്‌സ് സിഇഒ പറയുന്നത്. വിദ്യാഭ്യാസം മുതല്‍ വിനോദം വരെ, എല്ലാം ഡിജിറ്റലാണ് ഇപ്പോള്‍.
ദിനചര്യയെ പരുവപ്പെടുത്തുന്നതുപോലും മൊബൈലുകളാണ്. ഗൃഹപാഠം ചെയ്യാനും ചാറ്റിങ്ങിനുമെല്ലാം മൊബൈല്‍ വേണം. മൊബൈല്‍ സ്‌ക്രീനുകള്‍ ഒഴിവാക്കാൻ കഴിയാത്ത യാഥാര്‍ഥ്യമാണ് എന്നതിനൊപ്പം, നിരീക്ഷിക്കാൻ മാതാപിതാക്കള്‍ക്ക് മുന്നില്‍ വ്യക്തമായ വഴികളില്ലെന്നതാണ് പഠനത്തിൽ തെളിഞ്ഞത്.