പഠിച്ചു ജയിക്കാൻ കുടുംബശ്രീ ‘കുട്ടികൾ’

കണ്ണൂർ: ഡിജിറ്റൽ കാലത്തിന്റെ അറിവുകൾ ആർജിച്ച് കരുത്തോടെ മുന്നോട്ട് കുതിക്കാൻ പ്രേമാവതിയും ചന്ദ്രികയും കമലാക്ഷിയും ശാന്തയും ജാനകിയും പ്രായം മറന്ന് സ്‌കൂളിലെത്തി. വർഷങ്ങൾക്കുശേഷം ക്ലാസ് മുറികളിൽ വിശേഷം പങ്കിട്ട് അവർ ഇരുന്നു.
ഉച്ചയ്‌ക്ക് പൊതിച്ചോറ് പങ്കുവച്ച് സ്‌നേഹമൂട്ടി. കുടുംബശ്രീ ജില്ലാമിഷൻ നേതൃത്വത്തിലാണ് വർഷങ്ങൾക്കുശേഷം സ്‌കൂളിലെ നനുത്ത ഓർമകൾ പങ്കിടാൻ സാധിച്ചത്. കുടുംബശ്രീയെ കൂടുതൽ മെച്ചപ്പെടുത്താനും നൂതന പദ്ധതികൾ ഏറ്റെടുക്കാൻ പ്രാപ്‌തമാക്കുന്നതിനുമായുള്ള ക്ലാസുകളാണ് ഇവർക്കായി സ്‌കൂളിൽ നൽകുന്നത്.
‘തിരികെ സ്‌കൂളിലേക്ക്’ ജില്ലാതല ഉദ്‌ഘാടനം കല്യാശേരി സൗത്ത് യു.പി സ്‌കൂളിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി പി. ദിവ്യ നിർവഹിച്ചു.
ഒരേ വേഷത്തിലെത്തിയവർ അസംബ്ലിയിൽ വരിവരിയായി നിരന്നു. നീലയും വെള്ളയും നിറത്തിൽ ചൂരിദാർ ധരിച്ച് രണ്ടു ഭാഗത്തേക്കും മുടി പിന്നിയിട്ടെത്തിയ കുടുംബശ്രീ അംഗങ്ങൾ മുദ്രാഗീതം പാടി. കല്യാശേരി പഞ്ചായത്ത് പ്രസിഡന്റ് ടി. ടി ബാലകൃഷ്‌ണൻ അധ്യക്ഷനായി.
വൈസ് പ്രസിഡന്റ് നിഷ ശുചിത്വ പ്രതിഞ്ജ ചൊല്ലിക്കൊടുത്തു. ബ്ലോക്ക് പഞ്ചായത് പ്രസിഡന്റ് എം. ഷാജിർ സംസാരിച്ചു. കെ. സി രേണുക സ്വാഗതം പറഞ്ഞു. എം.എൽ.എമാരായ കെ. കെ. ശൈലജ, കടന്നപ്പള്ളി രാമചന്ദ്രൻ, എം. വിജിൻ, കെ. പി മോഹനൻ, സണ്ണിജോസഫ് എന്നിവർ വിവിധ സ്‌കൂളുകൾ സന്ദർശിച്ചു.
ആദ്യദിനം ജില്ലയിൽ 43 സി.ഡി.എസുകളിലായി 312 ക്ലാസുകൾ നടന്നു. ജില്ലയിലെ 20990 അയൽക്കൂട്ടങ്ങളിലെ 3.16 ലക്ഷം കുടുംബശ്രീ അംഗങ്ങൾ ‘തിരികെ സ്‌കൂളിലേ’ക്ക് എത്തും. ഒരു ക്ലാസിൽ അറുപതുപേരുണ്ടാകും. കുടുംബശ്രീയുടെ സംഘടനാശക്തിയും അനുഭവപാഠങ്ങളും, അയൽക്കൂട്ടത്തിന്റെ സ്‌പന്ദനം കണക്കിലാണ്, കൂട്ടായ്‌മ–- ജീവിത ഭദ്രത ഞങ്ങളുടെ സന്തോഷം, ഉപജീവനം–- പുതിയ അറിവുകൾ, ആശയങ്ങൾ, ഡിജിറ്റൽകാലം, തുടങ്ങിയ വിഷയങ്ങൾ പഠിപ്പിക്കും. ഡിസംബർ 10വരെയുള്ള അവധി ദിവസങ്ങളിൽ രാവിലെ 9.30 മുതൽ വൈകിട്ട് 4.30 വരെ ക്ലാസ് നടക്കും.