മലിനജലം പുറത്തേക്ക് ഒഴുക്കിവിട്ട ഭക്ഷണശാല അടപ്പിച്ചു

കണ്ണൂർ: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് കോംപ്ലക്‌സിൽ പ്രവർത്തിക്കുന്ന ഭക്ഷണശാലയിൽ നിന്ന് മലിനജലവും അടുക്കള മാലിന്യവും നേരിട്ട് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന്റെ ഇന്റർലോക്ക് ചെയ്ത മുറ്റത്തേക്ക് ഒഴുക്കിയതിനെ തുടർന്ന് കണ്ണൂർ കോർപറേഷൻ ആരോഗ്യ വിഭാഗം പരിശോധന നടത്തി ഭക്ഷണശാല അടച്ചുപൂട്ടാൻ നിർദേശം നൽകി.
കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് കോംപ്ലക്‌സിൽ ഉള്ള ഫുഡ്‌കോർണർ ആൻഡ് ഫാസ്റ്റ്ഫുഡ് എന്ന എന്ന സ്ഥാപനത്തിലാണ് ഹെൽത്ത് ഇൻസ്‌പെക്ടർമാരായ സജില വളർപ്പാൻകണ്ടിയിൽ, സി.ആർ.സന്തോഷ്‌കുമാർ എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തിയത്.
അടുക്കളയും പരിസര പ്രദേശവും മലിനജലം ഒഴുക്കിയതിനെ തുടർന്ന് ദുർഗന്ധം വമിക്കുന്ന നിലയിലായിരുന്നു. ഹോട്ടൽ അടച്ചുപൂട്ടിയതിന് പുറമെ മലിനജലം ഒഴുക്കിയതിനും ശുചിത്വരഹിതമായി ഭക്ഷണം ഉണ്ടാക്കി വില്പന നടത്തിയതിനും പിഴയും ഈടാക്കുമെന്ന് അധികൃതർ പറഞ്ഞു.