ശബ്ദമുണ്ടാക്കുന്ന യന്ത്രങ്ങൾ രാത്രി പ്രവർത്തിപ്പിക്കരുത്

കണ്ണൂർ: പലഹാര നിർമാണ യൂണിറ്റിൽ രാത്രികാലങ്ങളിൽ മിക്സി, ഗ്രൈൻഡർ മുതലായ ശബ്ദമുണ്ടാക്കുന്ന ഉപകരണങ്ങൾ പ്രവർത്തിപ്പിക്കരുതെന്നു മനുഷ്യാവകാശ കമ്മിഷൻ.
ഉത്തരവ് അവഗണിച്ച് രാത്രി പ്രവർത്തിപ്പിച്ചാൽ നിയമ നടപടി സ്വീകരിക്കണമെന്ന് കമ്മിഷൻ ആക്ടിങ് ചെയർപഴ്സനും ജുഡീഷ്യൽ അംഗവുമായ കെ.ബൈജുനാഥ് പിണറായി പഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നൽകി.
വീടിന്റെ തൊട്ടടുത്തുള്ള പലഹാര നിർമാണ യൂണിറ്റിനെതിരെ പിണറായി പടന്നക്കര സ്വദേശി എം.രാധ സമർപ്പിച്ച പരാതി തീർപ്പാക്കിയാണ് ഉത്തരവ്.പിണറായി പഞ്ചായത്ത് സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടിൽ പരാതി വാസ്തവമാണെന്ന് വ്യക്തമാക്കിയിരുന്നു.
എന്നാൽ പലഹാര യൂണിറ്റ് രാത്രി 7 വരെ മാത്രമാണ് പ്രവർത്തിക്കുന്നതെന്ന് എതിർകക്ഷി കമ്മിഷനെ അറിയിച്ചു. രാത്രി ശബ്ദമുണ്ടാക്കുന്ന യന്ത്രങ്ങൾ ഉപയോഗിക്കില്ലെന്ന് ഉറപ്പുനൽകി.