മെഗാ ശുചീകരണ യജ്ഞവുമായി പെരളശ്ശേരി പഞ്ചായത്ത്

മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി ‘എന്റെ പെരളശ്ശേരി ശുചിത്വ സുന്ദരം’ എന്ന പേരില്‍ പെരളശ്ശേരി ഗ്രാമപഞ്ചായത്ത് വിപുലമായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഒക്ടോബര്‍ 1, 2, 3 തീയതികളില്‍ നടത്തും. പഞ്ചായത്തിലെ എട്ടായിരത്തിലധികം വീടുകള്‍, കച്ചവട സ്ഥാപനങ്ങള്‍, സ്‌കൂളുകള്‍, അങ്കണവാടികള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചാണ് ശുചിത്വ പ്രവര്‍ത്തനങ്ങള്‍ നടക്കുക. ഒക്ടോബര്‍ ഒന്നിന് തോടുകള്‍, കുളങ്ങള്‍, പൊതു ഇടങ്ങള്‍ എന്നിവ ശുചിയാക്കും. കച്ചവട സ്ഥാപനങ്ങള്‍ ഒക്ടോബര്‍ രണ്ടിന് ശുചീകരിക്കും. മൂന്നാം തീയതി ഇതിന്റെ മോണിറ്ററിംഗ് പ്രവര്‍ത്തനം നടക്കും.
തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, കച്ചവടക്കാര്‍, വിദ്യാര്‍ഥികള്‍, എന്‍.എസ്.എസ്, എന്‍.സി.സി, എസ്.പി.സി സേനാംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍, യുവജന സംഘടന പ്രവര്‍ത്തകര്‍, സാംസ്‌കാരിക സ്ഥാപനങ്ങള്‍, വിമുക്തഭടന്മാര്‍ തുടങ്ങി ആറായിരത്തിലധികം വളണ്ടിയര്‍മാര്‍ പ്രവര്‍ത്തനത്തിന്റെ ഭാഗമായി അണിചേരും. ഹരിത സ്‌കൂളുകള്‍, ഹരിത അങ്കണവാടികള്‍, ഹരിത ഷോപ്പുകള്‍ എന്നീ വിഭാഗങ്ങളില്‍ ശുചിത്വ പരിപാലനത്തിനുള്ള പുരസ്‌കാരങ്ങളും നല്‍കും. പഞ്ചായത്തിന്റെ ഗ്രീന്‍ സ്റ്റുഡന്റ് പോലീസ് ഒക്ടോബര്‍ ഒന്നിന് രാവിലെ ഒമ്പത് മണിക്ക് മൂന്ന് പെരിയയില്‍ ശുചിത്വ ചങ്ങല തീര്‍ക്കും. ചെറുമാവിലായി യു.പി സ്‌കൂളിലെ വിദ്യാര്‍ഥികളുടെ ഫ്‌ളാഷ് മോബും പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ അവതരിപ്പിക്കും. ഇതോടൊപ്പം ശുചിത്വ വിളംബര ജാഥകളും സംഘടിപ്പിക്കും.
പരിപാടിയുടെ ഭാഗമായി സംഘാടകസമിതി രൂപീകരിച്ചു. സംഘടക സമിതി ചെയര്‍മാനായി പഞ്ചായത്ത് പ്രസിഡണ്ട് എ.വി. ഷീബ, കണ്‍വീനര്‍ പഞ്ചായത്ത് സെക്രട്ടറി പി.പി. സജിത എന്നിവരെ തെരഞ്ഞെടുത്തു. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.പി. ബാലഗോപാലന്‍, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി പ്രശാന്ത്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍. ബീന, അസിസ്റ്റന്റ് സെക്രട്ടറി കെ. പത്മനാഭന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.