ആവശ്യത്തിന് ഡോക്ടര്‍മാരും നഴ്‌സുമാരും ഇല്ലാതെ കൊട്ടിയൂര്‍ കുടുംബാരോഗ്യ കേന്ദ്രം

കൊട്ടിയൂര്‍: ആവശ്യത്തിന് ഡോക്ടര്‍മാരും നഴ്‌സുമാരും ഇല്ലാതെ കൊട്ടിയൂര്‍ കുടുംബാരോഗ്യകേന്ദ്രം. ഇത് കുടുംബാരോഗ്യകേന്ദ്രം ജീവനക്കാരെയും രോഗികളെയും ഒരുപോലെ വലയ്ക്കുന്നു. ഇരുന്നൂറില്‍ അധികം രോഗികള്‍ ദിവസേന എത്തുന്ന കുടുംബാരോഗ്യകേന്ദ്രത്തില്‍ മെഡിക്കല്‍ ഓഫീസര്‍ അടക്കം രണ്ട് ഡോക്ടര്‍മാര്‍ മാത്രമാണ് നിലവില്‍ ഉളളത്.
ഡോക്ടര്‍മാരുടെ കുറവ് മൂലം ഒ.പി സമയം വെട്ടിക്കുറച്ചു. നേരത്തെ വൈകുന്നേരം വരെയുണ്ടായിരുന്ന ഒ.പി. ഇപ്പോള്‍ ഉച്ചവരെ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്.നാല് ഡോക്ടര്‍മാരാണ് കുടുംബാരോഗ്യ കേന്ദ്രത്തില്‍ വേണ്ടത്. ആദിവാസി വിഭാഗത്തില്‍പെടുന്നവര്‍ അടക്കം ആശ്രയിക്കുന്നത്ക കുടുംബാരോഗ്യ കേന്ദ്രത്തെയാണ്.കുടുംബാരോഗ്യകേന്ദ്രത്തില്‍ ആഴ്ചയില്‍ രണ്ട് ദിവസം എന്‍.സി.ഡി ക്ലിനിക്കും പ്രവര്‍ത്തിക്കുന്നണ്ട്.
ഇവിടെയും നൂറ്റമ്പതില്‍ അധികം രോഗികള്‍ എത്തുന്നുണ്ട്.എന്‍.സി.ഡി. ക്ലിനിക്ക് പ്രവര്‍ത്തിക്കുന്ന ദിവസങ്ങളില്‍ നൂറ്റമ്പതിലധികം രോഗികളെ ഒരു ഡോക്ടര്‍ തന്നെ പരിശോധിക്കേണ്ട സ്ഥിതിയാണ്. മുഴുവന്‍ സമയവും മെഡിക്കല്‍ ഓഫീസര്‍ക്ക് ഒ.പിയില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല.അഡ്മിനിഷ്‌ട്രേഷന്‍ ചുമതല കൂടി മെഡിക്കല്‍ ഓഫീസര്‍ക്ക്ഉണ്ട്.
ഡോക്ടര്‍മാരെ കൂടാതെ നാല് ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നേഴ്‌സിന്റെയും, ഒരു ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെയും കുറവ് കുടുംബാരോഗ്യകേന്ദ്രത്തില്‍ ഉണ്ട്. കുടുംബാരോഗ്യകേന്ദ്രം മുഴുവന്‍ സമയവും പ്രവത്തിക്കാത്തത് രോഗികളെ പ്രതിസന്ധിയില്‍ ആക്കിയിരിക്കുകയാണ്. ഡോക്ടര്‍മാരുടെ കുറവ് മൂലം ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രിയെ അടക്കം ആശ്രയിക്കേണ്ട സ്ഥിതിയാണ്.എത്രയും വേഗം കുടുംബാരോഗ്യകേന്ദ്രത്തില്‍ ഡോക്ടര്‍മാരെയും നഴ്‌സുമാരെയും നിയമിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
ഓണ്‍ഫണ്ട് ഇല്ലാത്തതിനാല്‍ പഞ്ചായത്തിന് സ്വന്തം നിലയ്ക്ക് കുടുംബാരോഗ്യകേന്ദ്രത്തില്‍ ഡോക്ടറെ നിയമിക്കാന്‍ സാധിക്കുന്നില്ലെന്ന് കൊട്ടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം പറഞ്ഞു. കുടുംബാരോഗ്യകേന്ദ്രത്തിലെ ഒഴിവുകള്‍ നികത്തി തരണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ് മന്ത്രിക്ക് കത്ത് കൊടുത്തിട്ടുണ്ട്. വിഷയം ഡി.എം.ഒയുടെ അടക്കം ശ്രദ്ധയില്‍പെടുത്തിയതാണെന്നും റോയി നമ്പുടാകം പറഞ്ഞു.