Kannur
അനാസ്ഥയുടെ നിശ്ചല ദൃശ്യമായി കണ്ണൂർ കോട്ട
കണ്ണൂർ : തുടങ്ങും മുൻപേ ഒടുങ്ങിയ ലൈറ്റ് ആൻഡ് സൗണ്ട് ഷോയ്ക്കായി സജ്ജീകരിച്ച, അസ്ഥികൂടം പോലുള്ള ഇരിപ്പിടങ്ങൾ…കോട്ടമതിലിന് ചുറ്റുമുള്ള കിടങ്ങിൽ ചിതറിക്കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ…..
കൃത്യമായ നിരീക്ഷണമില്ലാത്തതിനാൽ കോട്ടയ്ക്കകത്ത് തോന്നുംപടി വിഹരിക്കുന്ന സന്ദർശകർ…ഇരുട്ടറയിൽ വിശ്രമിക്കുന്ന ചരിത്രപ്രാധാന്യമുള്ള പീരങ്കിയുണ്ടകൾ…വിനോദസഞ്ചാര ദിനത്തിലും അത്ര സുന്ദരമല്ല, കണ്ണൂർ കോട്ടയിലെ കാഴ്ചകൾ.
ഒരാൾക്ക് 25 രൂപ പ്രവേശന ഫീസ് ഇൗടാക്കുന്നുണ്ടെങ്കിലും സന്ദർശകർക്കുവേണ്ട നിർദേശങ്ങളോ സൗകര്യങ്ങളോ കോട്ടയിൽ ലഭിക്കുന്നില്ല. കോട്ടമതിലിന് ചുറ്റുമുള്ള, ഒഴുക്ക് നിലച്ച കിടങ്ങിൽ വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് മാലിന്യങ്ങൾ കാണാം. സന്ദർശകർ ഇത്തരത്തിൽ മാലിന്യങ്ങൾ വലിച്ചെറിയുന്നത് തടയാൻ വേലി സ്ഥാപിക്കാനോ മാലിന്യങ്ങൾ യഥാസമയം നീക്കാനോ അധികൃതർക്കാകുന്നില്ല.
കാണാനവസരമില്ലാതെ പീരങ്കിയുണ്ടകൾ
ഇവിടെനിന്ന് ഉദ്ഖനനംചെയ്തെടുത്ത പീരങ്കിയുണ്ടകളുടെ വൻ ശേഖരം യഥാവിധി കാണാനുള്ള അവസരം ചരിത്രാന്വേഷകർക്കുപോലും ലഭ്യമല്ല. പൊതു അവധിദിനങ്ങളിലും വാരാന്ത്യത്തിലും നിരവധി സന്ദർശകർ ഇവിടെയെത്തുന്നുണ്ട്. സംഘമായി എത്തുന്ന സന്ദർശകർ പ്രവേശന ടിക്കറ്റെടുത്ത് ഉള്ളിൽ കയറിയാൽ അവരെന്ത് ചെയ്യുന്നുവെന്ന് കൃത്യമായി നിരീക്ഷിക്കാനുള്ള സംവിധാനമില്ല.
പ്രവേശന ഗേറ്റിലുള്ളവർക്ക് ഇതേപ്പറ്റി ഒന്നും അറിയാത്ത സ്ഥിതിയാണ്. ‘യോഗം, സ്വീകരണം, പാർട്ടിസമ്മേളനം, ആഘോഷം, പാചകം തുടങ്ങിയവ ദേശീയ സംരക്ഷിതസ്മാരകത്തിനകത്ത് പാടില്ലെ’ന്ന് ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും സന്ദർശകർ ഉള്ളിൽകയറി എന്തുചെയ്യുന്നുവെന്ന കാര്യം അധികൃതർ മിക്കപ്പോഴും അറിയാറില്ല.
പുരാവസ്തുവകുപ്പിന്റെ തൃശ്ശൂർ ഓഫീസിന് കീഴിലാണ് കണ്ണൂർ കോട്ട (സെയ്ന്റ് ആഞ്ചലോ കോട്ട) പ്രവർത്തിക്കുന്നത്. രാവിലെ എട്ടുമുതൽ വൈകിട്ട് ആറുവരെയാണ് സന്ദർശകസമയം.
അസ്ഥികൂടം കണക്കെ ഈ സജ്ജീകരണങ്ങൾ
കോട്ടയുടെ കവാടം കടക്കുന്നവരെ ആദ്യം എതിരേൽക്കുന്നത് 2016-ൽ തുടങ്ങിയ ലൈറ്റ് ആൻഡ് സൗണ്ട് ഷോയുടെ അവശിഷ്ടങ്ങളാണ്. ചുരുങ്ങിയ കാലയളവിൽ മാത്രം പ്രദർശനം നടത്തിയ ഈ ഷോ മുടങ്ങിയിട്ട് ഏഴുവർഷമാകുന്നു.
2016-ൽ തുടങ്ങിയ പദ്ധതി പൂർത്തിയാക്കി ജനങ്ങൾക്ക് പ്രദർശനം അനുവദിച്ചത് 2018-ലാണ്. സെയ്ന്റ് ആഞ്ചലോ കോട്ടയുടെ 500 വർഷത്തിന്റെ ചരിത്രം പുനരാവിഷ്കരിക്കുന്നതായിരുന്നു പ്രദർശനം.
ലേസർ സംവിധാനം ഉപയോഗിച്ച് നടത്തുന്ന ഷോയ്ക്ക് 53 മിനിട്ടായിരുന്നു ദൈർഘ്യം. 100 രൂപ നിരക്ക്. വരുമാനത്തിന്റെ 40 ശതമാനം തുക കോട്ടയുടെ സംരക്ഷണച്ചുമതലയുള്ള ആർക്കിയോളജി സർവേ ഓഫ് ഇന്ത്യക്ക് നൽകണമെന്നാണ് വ്യവസ്ഥ.
ഷോ നടത്തിപ്പിന്റെ ചുമതല ഡി.ടി.പി.സി.ക്കായിരുന്നു. രണ്ടുമാസം പ്രവർത്തിച്ചശേഷം മഴയെത്തുടർന്ന് ഷോ നിർത്തിവെച്ചു. 3.8 കോടി രൂപ ചെലവഴിച്ച് തുടങ്ങിയ ഷോയ്ക്കുവേണ്ടി സ്ഥാപിച്ച 150 കസേരകൾ ഇപ്പോൾ തുരുമ്പെടുത്ത് നശിച്ച നിലയിലാണ്. ലൈറ്റുകളും നാമാവശേഷമായി.
ഷോ നടത്തിപ്പുമായി ബന്ധപ്പെട്ട് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും ഡി.ടി.പി.സി.യും തമ്മിലുള്ള കരാർ 2022 ഏപ്രിലിൽ അവസാനിച്ചു. ഇതിനിടെ സാമ്പത്തിക ക്രമക്കേട് നടന്നതായുള്ള ആരോപണവും വിജിലൻസ് കേസും പദ്ധതിയുമായി ബന്ധപ്പെട്ടുണ്ടായി.
കോട്ട സന്ദർശിച്ച കേന്ദ്രമന്ത്രി മീനാക്ഷി ലേഖി കോട്ടയുടെ പൈതൃകം കാത്തുസൂക്ഷിക്കണമെന്നും കസേരകൾ മാറ്റി പരിപാടി തുടങ്ങണമെന്നും നിർദേശം നൽകിയിരുന്നു.
Kannur
അനധികൃത ചെങ്കല്ല് ഖനനം;12 ലോറികൾ പിടിച്ചെടുത്തു; 2.33 ലക്ഷം പിഴ ചുമത്തി
കണ്ണൂർ: കല്യാട് വില്ലേജ് പരിധിയിലെ അനധികൃത ചെങ്കല്ല് ഖനനത്തിനെതിരെ നടപടി. മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് വെള്ളിയാഴ്ച നടത്തിയ പരിശോധനയില്‍ 12 ലോറികളും മണ്ണുമാന്തിയന്ത്രവും പിടിച്ചെടുത്തു.
2.33 ലക്ഷം രൂപ പിഴയിനത്തില്‍ ഈടാക്കി. മേഖലയിലെ കൂടുതൽ അനധികൃത ചെങ്കല്ല് പണകള്ക്കെതിരെയും നടപടി തുടങ്ങി. വരുംദിവസങ്ങളിലും തുടര്‍ പരിശോധന നടത്തി ശക്തമായ നടപടി തുടരുമെന്ന് ജിയോളജിസ്റ്റ് കെ.ആര്. ജഗദീശന് അറിയിച്ചു.നിയമങ്ങൾ കാറ്റിൽ പറത്തി മേഖലയിൽ ചെങ്കല്ല് ഖനനം നടക്കുന്നതായി വ്യാപക പരാതിയുണ്ടായിരുന്നു. കല്യാട് സ്ഥാപിക്കുന്ന രാജ്യാന്തര ആയുർവേദ ഗവേഷണ കേന്ദ്രത്തിനായി കണ്ടെത്തിയ സ്ഥലത്ത് ഉൾപ്പെടെ അനധികൃത ഖനനം നടക്കുന്നുണ്ട്.
ഏതാനും സെന്റ് സ്ഥലത്തിനു മാത്രം അനുമതി വാങ്ങിയ ശേഷം ഏക്കർ കണക്കിനു സ്ഥലം അനധികൃതമായി ഖനനം നടത്തിയതായി കണ്ടെത്തിയിരുന്നു.അനധികൃത ഖനനം നടക്കുന്നതായ പരാതികളെ തുടർന്ന് നേരത്തെ പ്രദേശത്ത് പരിശോധന നടത്തി വാഹനങ്ങൾ പിടിച്ചെടുത്ത് കലക്ടർ ഖനനം നിരോധിച്ചിരുന്നു. തൊഴിലാളികളുടെ പ്രതിഷേധത്തെ തുടർന്നാണ് ഖനനം പുനരാരംഭിച്ചത്.ജില്ലയിൽ വിവിധ മേഖലകളിൽ അനധികൃത ഖനനം നടക്കുന്നതായി പരാതിയുണ്ട്. വെള്ളോറ വില്ലേജിലെ കോയിപ്രത്ത് ജില്ല ഭരണകൂടം അടച്ചുപൂട്ടിയ ചെങ്കൽ ക്വാറികളിൽ ഖനനം പുനരാരംഭിക്കുന്നില്ലെന്ന് ഉറപ്പാക്കാനാവശ്യമായ പരിശോധനകൾ നടത്തണമെന്ന് കഴിഞ്ഞദിവസം മനുഷ്യാവകാശ കമീഷൻ ജില്ല കലക്ടർക്ക് നിർദേശം നല്‍കിയിരുന്നു. അനധികൃത ക്വാറികളുടെ പ്രവർത്തനം നിർത്തിവെക്കാൻ നിരവധി തവണ സ്റ്റോപ് മെമ്മോ നൽകിയിട്ടും പിഴ ചുമത്തിയിട്ടും തുടരുന്നതായും പരാതിയുണ്ട്.
Kannur
റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് ബൈക്ക് മോഷ്ടിക്കുന്ന സംഘത്തെ പിടികൂടി
കണ്ണപുരം: കണ്ണപുരം റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിർത്തിയിട്ട ബൈക്ക് മോഷ്ടിച്ച സംഘത്തെ കണ്ണപുരം പൊലീസ് കാസർകോട്ടുനിന്നും പിടികൂടി. കാസർകോട് സ്വദേശികളായ മൊയ്തീൻ ഫസൽ, എച്ച്. മുഹമ്മദ് മുസ്തഫ എന്നിവരും ഒരു 17 കാരനുമാണ് അറസ്റ്റിലായത്. ചെറുകുന്ന് ഇട്ടമ്മലിലെ വളപ്പിലെ പീടികയിൽ ഹസീബിന്റെ ബൈക്കാണ് മോഷണം പോയിരുന്നത്.മലപ്പുറത്തേക്ക് പോകാനായി കഴിഞ്ഞ 11ന് കണ്ണപുരം റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിർത്തിയിട്ട സഹോദരൻ അസീബിന്റെ ഉടമസ്ഥതയിലുള്ള കെ.എൽ 13 എ.ഡബ്ല്യു 1095 നമ്പർ ബുള്ളറ്റ് ബൈക്കാണ് മോഷണം പോയത്. വി.പി. ഹസീബിന്റെ പരാതിയെ തുടർന്നാണ് കണ്ണപുരം പൊലീസ് അന്വേഷണം ആരംഭിച്ചത്. പൊലീസ് അന്വേഷണം നടത്തിയതിൽ പഴയങ്ങാടി പാലത്തിനടുത്ത് കുറ്റിക്കാട്ടിൽ എണ്ണ തീർന്ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ ബൈക്ക് കണ്ടെടുത്തു. ബൈക്കിന്റെ വയർ മുറിച്ച് ബൈക്ക് സ്റ്റാർട്ടാക്കിയാണ് കൊണ്ടുപോയത്. പഴയങ്ങാടി, കണ്ണപുരം ഉൾപ്പെടെ പല റെയിൽവേ സ്റ്റേഷനുകളിലും മോഷണം നടത്തിയ സംഘത്തെയാണ് കാസർകോടുനിന്ന് പിടികൂടിയത്. പഴയങ്ങാടി, നീലേശ്വരം എന്നിവിടങ്ങളിൽ നിന്നും ഇവർ ബൈക്ക് മോഷ്ടിച്ചിട്ടുണ്ട്.പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 17 വയസ്സുകാരനെ രക്ഷിതാവിന്റെ സ്റ്റേറ്റ്മെന്റ് പ്രകാരം വിട്ടതായും കണ്ണപുരം പൊലീസറിയിച്ചു. എസ്.ഐ കെ. രാജീവന്റെ നേതൃത്വത്തിൽ സ്റ്റേഷൻ ഹൗസ് ഓഫിസർമാരായ ടി.വി. അനൂപ്, വി.എം. വിജേഷ്, കെ. മജീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ കണ്ടെത്തിയത്.
Kannur
നഗരത്തിലെ മാലിന്യം നടാലിൽ തള്ളി; കാൽലക്ഷം പിഴ ചുമത്തി
കണ്ണൂർ: നഗരത്തിലെ മാലിന്യം നടാലിൽ തള്ളിയ സംഭവത്തിൽ കാൽലക്ഷം രൂപ പിഴ ചുമത്തി ജില്ല എൻഫോഴ്സ്മെൻറ് സ്ക്വാഡ്. നഗരത്തിലെ സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും അനധികൃതമായി മാലിന്യം ശേഖരിച്ച് നടാലിലെ തോടിനു സമീപത്തെ ഒഴിഞ്ഞ പറമ്പിൽ തള്ളിയതിനാണ് തദ്ദേശസ്വയംഭരണ വകുപ്പിന്റെ ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് മഹേഷ് കെ. തലമുണ്ട, ബാബു കുറ്റിക്കകം എന്നിവർക്ക് 5000 രൂപ വീതം പിഴ ചുമത്തിയത്.മാലിന്യം തള്ളുന്നതിനായി കൈമാറിയ രണ്ട് സ്ഥാപനങ്ങൾക്കും വ്യക്തിക്കും 5000 രൂപ വീതം പിഴ ചുമത്തുന്നതിനും സ്ക്വാഡ് നിർദേശം നൽകി. മാലിന്യം സ്വന്തം ചെലവിൽ വീണ്ടെടുത്ത് തരംതിരിച്ച് സംസ്കരിക്കാനായി അംഗീകൃത ഏജൻസികൾക്ക് നൽകാൻ ബന്ധപ്പെട്ട കക്ഷികൾക്ക് കർശന നിർദേശം നൽകി. കെട്ടിട നിർമാണ അവശിഷ്ടങ്ങൾ, മോഡുലർ കിച്ചന്റെ പാക്കിങ് കവറുകൾ, ഫ്ലക്സ് ബോർഡിന്റെ ഭാഗങ്ങൾ, കാർഷിക നഴ്സറിയിൽ നിന്നുള്ള പ്ലാസ്റ്റിക് പൂച്ചട്ടികൾ, കാലാവധി കഴിഞ്ഞ വളങ്ങൾ, മറ്റുള്ള ജൈവ അജൈവ മാലിന്യങ്ങൾ എന്നിവ വിവിധയിടങ്ങളിൽനിന്ന് ശേഖരിച്ച് ടിപ്പർ ലോറിയിൽ കൊണ്ടുവന്ന് നടാലിൽ തള്ളിയതായാണ് ജില്ല സ്ക്വാഡ് കണ്ടെത്തിയത്.അവശിഷ്ടങ്ങളിൽ നിന്നും ലഭിച്ച വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് മാലിന്യം തള്ളിയവരെ എൻഫോഴ്സ്മെന്റ് സ്ക്വാഡും നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാരും ചേർന്ന് കണ്ടെത്തിയത്. രണ്ടു ദിവസമായി നടന്ന പരിശോധനയിൽ ജില്ല എൻഫോസ്മെന്റ് സ്ക്വാഡ് ലീഡർ എം. ലജി, എൻഫോഴ്സ്മെന്റ് ഓഫിസർ കെ.ആർ. അജയകുമാർ, ശെരികുൽ അൻസാർ, കോർപറേഷൻ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ കെ. അനീഷ്, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ കെ. ശ്രുതി, കണ്ടിജന്റ് ജീവനക്കാരായ സി.പി. ശ്യാമേഷ്, എം. രാജീവൻ എന്നിവർ പങ്കെടുത്തു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു