അടുത്ത ദിവസങ്ങളിൽ നിങ്ങൾക്കും കിട്ടിയേക്കാം ഇത്തരത്തിലൊരു സന്ദേശം; ജാഗ്രതയില്ലെങ്കില്‍ പണി കിട്ടുമെന്ന് ഉറപ്പ്…!!!

Share our post

ക്രെഡിറ്റ് കാർഡ് റിവാർഡ് പോയിന്റുകളുടെ കാലാവധി അവസാനിക്കാറായതായി മെസെജ് വന്നാൽ വിശ്വസിക്കരുത്. മെസെജിലെ ലിങ്കിൽ ക്ലിക്ക് ചെയ്താൽ പണി പിന്നാലെ വരും. കഴിഞ്ഞ ഏതാനും ആഴ്‌ചകളിലായി പലരുടെയും ഫോണിൽ ഇത്തരം മെസെജുകൾ എത്തുന്നുണ്ട്.

അറ്റാച്ച് ചെയ്ത ലിങ്കിനൊപ്പമാണ് ഈ മെസേജുകള്‍ കിട്ടുന്നത്. ഇവയിൽ ക്ലിക്ക് ചെയ്താല്‍ പണം നഷ്‌ടപ്പെടാനുള്ള സാധ്യതയേറെയാണ്. ക്രെഡിറ്റ് കാർഡ് റിവാർഡ് പോയിന്റുകളുടെ പേരില്‍ രാജ്യത്തുടനീളം നടക്കുന്ന ഒരു പുതിയ തട്ടിപ്പിന്റെ ഭാഗമായാണ് ഈ സന്ദേശമെത്തുന്നത്.

അടുത്തിടെ, ബെംഗളൂരുവിൽ നിന്നുള്ള 60 കാരനായ അഭിഭാഷകൻ സമാനമായി തരത്തില്‍ ഒരു തട്ടിപ്പിന് ഇരയായിരുന്നു. ലിങ്കിൽ ക്ലിക്ക് ചെയ്തതിന് ശേഷം അദ്ദേഹത്തിന് നഷ്ടമായത് 4.9 ലക്ഷം രൂപയാണ്.

ഇത്തരത്തിലുള്ള ഏതൊരു തട്ടിപ്പുകളിലും പെടാതെയിരിക്കാൻ മുൻകരുതലുകൾ ആവശ്യമാണ്. നേരിട്ട് വിശ്വാസമില്ലാത്ത മെസെജുകളോ ഇമെയിലുകളോ ഫോൺ കോളുകളോ സ്വീകരിക്കുന്നതിൽ ജാഗ്രത പാലിക്കുക എന്നതാണ് പ്രധാനം.

പ്രത്യേകിച്ചും ഇത്തരം കോളുകളോ സന്ദേശങ്ങളോ വ്യക്തിപരമോ സാമ്പത്തികമോ ആയ വിവരങ്ങൾ ആവശ്യപ്പെടുകയാണെങ്കിൽ. മെസേജ് ആണെങ്കിലും ഫോണ്‍ കോള്‍ ആണെങ്കിലും അതിന് മറുപടി നല്‍കുന്നതിന് മുമ്പ് അതിന്റെ ഉറവിടം പരിശോധിക്കണം.

ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളുമൊന്നും നിങ്ങളുടെ വ്യക്തിപരമോ സാമ്പത്തികപരമോ ആയ വിവരങ്ങളോ രേഖകളോ ഇങ്ങനെ ആവശ്യപ്പെടില്ല. സംശയം തോന്നിയാല്‍ അവരവര്‍ക്ക് അക്കൗണ്ടുള്ള ബാങ്കിന്റെ വെബ്‍സൈറ്റ് പരിശോധിച്ച് വിശദ വിവരങ്ങള്‍ തേടണം. അല്ലെങ്കില്‍ ഫോണിലൂടെയോ മറ്റോ ബാങ്കിന് നേരിട്ട് ബന്ധപ്പെട്ടും ഉറപ്പുവരുത്തണം.

അജ്ഞാതമായതോ സ്ഥിരീകരിക്കാത്തതോ ആയ ഉറവിടങ്ങളിൽ നിന്നുള്ള സന്ദേശങ്ങളിലെ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നത് ഒഴിവാക്കുക. വെബ്‍സൈറ്റുകളില്‍ ഇടപാടുകള്‍ നടത്തുന്നതിന് മുമ്പ് യു.ആർ.എൽ ഔദ്യോഗിക വെബ്‌സൈറ്റിന്റേത് തന്നെയാണെന്ന് ഉറപ്പാക്കണം. അപ്ഡേറ്റഡ് ആയ ആന്റിവൈറസും ആന്റി-മാൽവെയർ സോഫ്‌റ്റ്‌വെയറും ഉപയോഗിച്ച് നിങ്ങളുടെ ഡിവൈസുകളെ പ്രൊട്ടക്ട് ചെയ്യാം.

നിങ്ങളുടെ ഓൺലൈൻ അക്കൗണ്ടുകൾക്ക്, പ്രത്യേകിച്ച് ബാങ്കിംഗ്, സാമ്പത്തിക വെബ്‌സൈറ്റുകൾക്ക് സ്ട്രോങ് പാസ്‌വേഡുകൾ നല്കുക. പൊതുവായ തട്ടിപ്പുകളെയും സൈബര്‍ ഫിഷിംഗ് തന്ത്രങ്ങളെയും കുറിച്ച് പൊതുവില്‍ അവബോധമുള്ളവരായിരിക്കണം. ഏതെങ്കിലും കാരണവശാല്‍ തട്ടിപ്പിനിരയായി എന്ന് മനസിലാക്കുന്ന സമയത്ത്, അപ്പോള്‍ തന്നെ വിദഗ്ധ സഹായം തേടുകയും ബാങ്കിൽ വിവരമറിയിക്കുകയും വേണം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!