പുൽപ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ്; കോൺഗ്രസ് നേതാവ് സജീവൻ കൊല്ലപ്പള്ളിയെ ഇ.ഡി അറസ്റ്റ് ചെയ്തു

വയനാട് : പുൽപ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് സജീവൻ കൊല്ലപ്പള്ളിയെ ഇ.ഡി അറസ്റ്റ് ചെയ്തു. വായ്പ തട്ടിപ്പിന് ഇടനിലക്കാരനായി നിന്ന സജീവൻ കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് ഇ.ഡി. അറസ്റ്റ് ചെയ്തത്. കോഴിക്കോട് പ്രത്യേക കോടതി സജീവനെ മൂന്നുദിവസത്തേക്ക് ഇ.ഡി. കസ്റ്റഡിയിൽ തന്നെ വിട്ടു. കോൺഗ്രസ് നേതാവ് കെ.കെ. എബ്രഹാമിന്റെ വിശ്വസ്തൻ ആയിരുന്നു സജീവൻ.
ഇന്നലെ കോഴിക്കോട്ടും മലപ്പുറത്തും അടക്കം ഇ.ഡി. പരിശോധന നടത്തിയിരുന്നു.
സേവാദൾ ജില്ലാ വൈസ്‌ചെയർമാനായിരുന്ന സജീവൻ കൊല്ലപ്പള്ളി, കെ.കെ. അബ്രഹാം, ബാങ്ക് മുൻ സെക്രട്ടറി രമാദേവി, ജീവനക്കാരനായിരുന്ന പി.യു. തോമസ് എന്നിവരുടെ വീടുകൾ നേരത്തെ റെയ്ഡ് നടന്നിരുന്നു. നേരത്തെ സജീവനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
സജീവനെ കൂടാതെ ബാങ്കിന്റെ പ്രസിഡന്റും കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായ കെ.കെ. എബ്രഹാം, സെക്രട്ടറി രമാദേവി, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പൗലോസ് എന്നിവരും അറസ്റ്റിലായിരുന്നു. ബാങ്കിലെ മുൻ ഡയറക്ടർമാരുടെ അനുമതിയോടെ എട്ടുകോടി അൻപത് ലക്ഷത്തോളം രൂപ ഇവർ കൈക്കലാക്കിയെന്നാണ് കേസ്.