രാമന്തളി ചിറ്റടിയിൽ സ്‌റ്റീൽ ബോംബുകളും വടിവാളും കണ്ടെടുത്തു

Share our post

പയ്യന്നൂർ: രാമന്തളി ചിറ്റടിയിൽ പൊലീസും ബോംബ് സ്‌ക്വാഡും നടത്തിയ തെരച്ചിലിൽ കുറ്റിക്കാട്ടിൽനിന്ന്‌ രണ്ട് സ്‌റ്റീൽ ബോംബുകളും വാളും കണ്ടെത്തി. കഴിഞ്ഞ ദിവസം ധനരാജ് വധക്കേസിലെ പ്രതിയായ എം വൈശാഖ് ബോംബും വടിവാളുകളുമായെത്തി പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. പൊലീസ് എത്തുമ്പോഴേക്കും ഇയാളുടെ സഹോദരൻ വിപിൻ ഇവ സ്ഥലത്തുനിന്ന്‌ മാറ്റിയിരുന്നു. പൊലീസ് പിടികൂടിയ വൈശാഖിനെ റിമാൻഡ്‌ ചെയ്‌തു.

ഇതിന്റെ പശ്ചാത്തലത്തിലാണ് ചിറ്റടി, മൊട്ടക്കുന്ന് ഭാഗങ്ങളിൽ പയ്യന്നൂർ, പഴയങ്ങാടി പൊലീസും കണ്ണൂരിൽനിന്നുള്ള ബോംബ് സ്‌ക്വാഡും പരിശോധന നടത്തിയത്. ചിറ്റടിയിലെ ആളൊഴിഞ്ഞ പറമ്പിലെ കുറ്റിക്കാട്ടിൽ ഒളിപ്പിച്ച നിലയിലാണ്‌ ബോംബുകളും വാളും കണ്ടെത്തിയത്. അരമീറ്ററിലധികം നീളമുള്ള വാൾ തുരുമ്പ് കയറിയ നിലയിലായിരുന്നു.

തവിട്ടുനിറമുള്ള തുണിസഞ്ചിയിൽ പൊതിഞ്ഞ നിലയിലായിരുന്നു മുകളിൽ രണ്ട് എന്നെഴുതിയ സ്‌റ്റിക്കർ ഒട്ടിച്ച ബോംബുകൾ. വാളും ബോംബുകളും കസ്റ്റഡിയിലെടുത്ത പൊലീസ് ബോംബ് നിർവീര്യമാക്കി എക്‌സപ്ലോസീവ് ആക്ട് പ്രകാരം കേസെടുക്കുകയും ചെയ്‌തു.

കഴിഞ്ഞ ദിവസം വാക്കേറ്റത്തെ തുടർന്ന് ബോംബും വാളുമായി തടഞ്ഞുനിർത്തി ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച് ഭീഷണിപ്പെടുത്തിയെന്ന എട്ടിക്കുളത്തെ എൻ. പി. ദീപകിന്റെ പരാതിയിലാണ് ആർ.എസ്എസ്സുകാരായ കക്കമ്പാറയിലെ എം. വൈശാഖ്, സഹോദരൻ വിപിൻ എന്നിവർക്കെതിരെ പയ്യന്നൂർ പൊലീസ് കേസെടുത്തത്.
കഴിഞ്ഞ 19ന് എട്ടിക്കുളം കക്കമ്പാറയിലെ സി.പി.ഐ. എം പ്രവർത്തകൻ എൻ. പി റെനീഷിന്റെ വീട്ടുവരാന്തയിൽ റീത്തുവച്ചിരുന്നു. വാഴയില വട്ടത്തിൽ ചുറ്റിയുണ്ടാക്കിയ റീത്തിൽ “ബിജു ഏട്ടന്റെ കണക്ക് തീർക്കാൻ ബാക്കിയുണ്ട്.

നിന്റെ നാളുകൾ എണ്ണപ്പെട്ടു’ എന്നും എഴുതിവച്ചിരുന്നു. കഴിഞ്ഞ മാസം 19ന് ഈ വീട്ടിലെ വളർത്തുനായയെ വിഷംവച്ച്‌ കൊല്ലുകയും ചെയ്‌തിരുന്നു. വർഷങ്ങളായി സമാധാനം നിലനിൽക്കുന്ന പ്രദേശങ്ങളിൽ ബോംബുകളും വാളുകളും ഒളിപ്പിച്ച് വച്ചതിന്റെ പശ്ചാത്തലത്തിൽ നാട്ടുകാർ ആശങ്കയിലാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!